Kerala

സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന് ഇ ഡി; മൂന്നാമതൊരു ലോക്കര്‍ കൂടി തുറക്കാനും പദ്ധതിയിട്ടിരുന്നു

ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധനയില്ലാതെ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടിരുന്നതായി ശിവശങ്കറിന്റെയും സ്വപ്‌നയുടെയും വാട്‌സ് ആപ് സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചു.സ്വപ്‌നയുടെ അഭ്യര്‍ഥന പ്രകാരം മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ശിവശങ്കര്‍ സംസാരിച്ചിരുന്നുവെന്നും ഇത് സ്വപ്‌ന സമ്മതിച്ചതായും ഇ ഡി വ്യക്തമാക്കുന്നു

സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന് ഇ ഡി; മൂന്നാമതൊരു ലോക്കര്‍ കൂടി തുറക്കാനും പദ്ധതിയിട്ടിരുന്നു
X

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍.ഡിപ്ലോമാറ്റിക് ബാഗിലൂടെ നടത്തിയ സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിനു പൂര്‍ണ്ണമായ അറിവുണ്ടായിരുന്നുവെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു.ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധനയില്ലാതെ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടിരുന്നതായി ശിവശങ്കറിന്റെയും സ്വപ്‌നയുടെയും വാട്‌സ് ആപ് സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചു.സ്വപ്‌നയുടെ അഭ്യര്‍ഥന പ്രകാരം മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ശിവശങ്കര്‍ സംസാരിച്ചിരുന്നുവെന്നും ഇത് സ്വപ്‌ന സമ്മതിച്ചതായും ഇ ഡി വ്യക്തമാക്കുന്നു.

ലൈഫ് മിഷന്‍ പദ്ദതിയുടെ കരാര്‍ ലഭിക്കുന്നതിനായി യൂണിടാക് ബില്‍ഡേഴ്‌സ് സ്വപ്‌ന സുരേഷിനും യുഎഇ കോണ്‍സുലേറ്റ് മുന്‍ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിനും കൈക്കൂലി നല്‍കിയതും ശിവശങ്കറിന് അറിയാമായിരുന്നു.ഇത്തരത്തില്‍ ലഭിച്ച പണത്തില്‍ ഒരു കോടി രൂപ ഖാലിദ് സ്വപ്‌നയ്ക്ക് നല്‍കിയത് ശിവശങ്കറിനുള്ള പണമായിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു.ഈ പണമാണ് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വപ്‌ന സുരേഷ് ആരംഭിച്ച ബാങ്ക് ലോക്കറില്‍ നിന്നും എന്‍ ഐ എ പിടിച്ചെടുത്തതെന്നാണ് വ്യക്തമാകുന്നതെന്നും ഇ ഡി ചൂണ്ടിക്കാട്ടി.കെ ഫോണ്‍,ലൈഫ് മിഷന്‍ പദ്ധതികളിലെ നിര്‍ണായക വിവരങ്ങള്‍ സ്വപ്‌ന സുരേഷിന് കൈമാറിയതും കൈക്കൂലി സാധ്യത മുന്നില്‍കണ്ടായിരുന്നു.ലൈഫ് മിഷന്‍ പദ്ദതിയിലെ 36 പ്രോജക്ടുകളില്‍ 26 എണ്ണവും നല്‍കിയത് രണ്ടു കമ്പനികള്‍ക്കായിരുന്നു.ടെണ്ടര്‍ തുറക്കുന്നതിനു മുമ്പേ ഇത്തരത്തില്‍ രഹസ്യവിവരങ്ങള്‍ സ്വപ്‌നയ്ക്കു നല്‍കിയതിന്റെ ഫലമായിരുന്നു ഇത്.കെ ഫോണ്‍ പദ്ധിയിലും സമാനമായ രീതിയില്‍ രഹസ്യവിവരങ്ങള്‍ സ്വപ്‌നയക്ക് ശിവശങ്കര്‍ കൈമാറി.

യുണിടാക് എംഡി സന്തോഷ് ഈപ്പനുമായി ശിവശങ്കര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയിലും സ്വപ്‌ന സുരേഷ് ഇടപെട്ടിരുന്നു.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമെന്ന നിലയില്‍ ശിവശങ്കറിന് ഈ പദ്ധതിയുടെയും മേല്‍നോട്ട ചുമതലയുണ്ടായിരുന്നു. ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയുടെ ഭാഗമായിരുന്ന ചില വ്യക്തികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നു.ഈ വ്യക്തികളുടെ പേരുകള്‍ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.സ്വപ്‌ന സുരേഷ് സാമ്പത്തിക ഭദ്രതയില്ലാത്ത വ്യക്തിയായിരുന്നുവെന്നും സ്വപ്‌നയ്ക്ക് നല്ല ജോലി ലഭിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.സ്വപ്‌നയുമായി ശിവശങ്കറിന് അടത്ത ബന്ധമാണുണ്ടായിരുന്നത്.സ്വപ്‌ന ശിവശങ്കറുമായി എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് ഇവര്‍ തമ്മിലുള്ള വാട്‌സ് അപ് സന്ദേശം വ്യക്തമാക്കുന്നത്.വരുമാനം വര്‍ധിച്ചതോടെ ഇത്തരത്തിലുള്ള പണം സുരക്ഷിതമായി ഒളിപ്പിക്കുന്നതിനായി മറ്റൊരു ലോക്കര്‍കൂടി ആരംഭിക്കാനുള്ള ശ്രമം ഇവര്‍ നടത്തിയിരുന്നു.ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ശിവശങ്കര്‍ തന്റെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തികളാണ് നടത്തിയിരുന്നതെന്നാണെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it