Kerala

വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിനായി കണ്ണന്‍ ഗോപിനാഥനോ, മേയര്‍ പ്രശാന്തോ?

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തതായാണ് സൂചന. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ അന്തിമ തീരുമാനമുണ്ടാകും.

വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിനായി കണ്ണന്‍ ഗോപിനാഥനോ, മേയര്‍ പ്രശാന്തോ?
X

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെപ്പില്‍ ഐഎഎസ് പദവി രാജിവച്ച കണ്ണന്‍ ഗോപിനാഥനും മേയര്‍ പ്രശാന്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയിലെന്ന് സൂചന. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥ് രാജിവച്ചത്.

സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്ത് 21നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയത്. പ്രളയാനന്തര പ്രവര്‍ത്തനത്തില്‍ കിട്ടിയ പ്രതിച്ഛായയാണ് പ്രശാന്തിനെ പട്ടികയിലെത്തിച്ചത്. എം വിജയകുമാര്‍, വി ശിവന്‍കുട്ടി, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍ എന്നിവരാണ് സ്ഥാനാര്‍ഥിത്വത്തില്‍ ഉയരുന്ന മറ്റു പേരുകള്‍.

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തതായാണ് സൂചന. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ അന്തിമ തീരുമാനമുണ്ടാകും. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയുമാണ് വി.കെ പ്രശാന്തിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാനുള്ള കാരണം. സാമുദായിക സമവാക്യങ്ങള്‍ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയില്‍ പ്രശാന്തിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്.

പ്രളയമുണ്ടായപ്പോള്‍ സഹായമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ സമാഹരിച്ചതിന്റെ പേരില്‍ വലിയ അഭിന്ദനങ്ങളാണ് അദ്ദേഹത്തിനു ലഭിച്ചത്. യുവജനങ്ങള്‍ക്കിടയില്‍ പ്രശാന്തിന് നല്ല പിന്തുണയുള്ളതിനാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്. എന്നാല്‍ നായര്‍ സമുദായത്തിന് നിര്‍ണായക മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ ഈഴവ സമുദായാംഗത്തെ മത്സരിപ്പിക്കുന്നതിനെതിരെയും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നഗരസഭാ തിരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കാന്‍ മറ്റൊരാളില്ലാത്തത് തിരിച്ചടിയാകുമെന്നും ആക്ഷേപമുയരുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് ഒന്നാമതായി നല്‍കിയിരിക്കുന്നത് വി.കെ പ്രശാന്തിന്റെ പേരും രണ്ടാമതായി നല്‍കിയിരിക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ പേരുമാണ്. കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ് സുനില്‍ കുമാറിനേയും യുവനേതാവ് എസ്.പി ദീപക്കിനേയും പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി. ശിവന്‍കുട്ടിയോട് മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന കാര്യം ജില്ലാ സെക്രട്ടറിയേറ്റ് ചോദിച്ചിരുന്നു. എന്നാല്‍ മത്സരിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചില്ല.

എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നേരിട്ടു തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനത്തേക്കാള്‍ 2836 വോട്ടിന്റെ ഭൂരിപക്ഷമേ ശശി തരൂരിന് ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ജയസാധ്യതയുള്ള ആളെ കണ്ടെത്തണമെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസിന്. കെ മോഹന്‍കുമാര്‍, എന്‍ പീതാംബരകുറുപ്പ്, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ ചര്‍ച്ചകളിലുണ്ട്. പത്മജ വേണുഗോപാല്‍ മത്സരിക്കേണ്ടെന്ന് കെ മുരളീധരനും താന്‍ മത്സരിക്കാനില്ലെന്ന് പത്മജയും നിലപാട് വ്യക്തമാക്കി. കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ്.

Next Story

RELATED STORIES

Share it