Kerala

മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചനയുടെ കേന്ദ്രം: വി ഡി സതീശന്‍

ശബരിനാഥിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസിലെ അമിതാധികാരമുള്ളയാളുകള്‍ ചേര്‍ന്നാണ്.

മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചനയുടെ കേന്ദ്രം: വി ഡി സതീശന്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചനയുടെ കേന്ദ്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥനെ പോലിസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിയമവിരുദ്ധ അറസ്റ്റും. പോലിസും അധികാരവും കൈയ്യിലുണ്ടെന്ന അഹങ്കാരത്തിന്റെ വഴികളിലൂടെയാണ് സര്‍ക്കാര്‍ പോകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിനാഥിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസിലെ അമിതാധികാരമുള്ളയാളുകള്‍ ചേര്‍ന്നാണ്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം എന്ന് പറഞ്ഞതിനാണ് കേസ് എടുത്തത്. വിമാനത്തില്‍ പ്രതിഷേധിച്ചവരുടെ പക്കല്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതേ കേസില്‍ ഒരു മുന്‍ എംഎല്‍എയേയും ചേര്‍ത്തു.

എന്നാല്‍ പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ച് തള്ളിയിട്ട ഇ പി ജയരാജനെതിരേ ഒരു കേസും എടുത്തിട്ടില്ല. ഇത് ഇരട്ട നീതിയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ഇ പി ജയരാജന്‍ ചെയ്തതെന്ന് ഇന്‍ഡിഗോ തന്നെ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുന്ന കാര്യം പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനുമടക്കമുള്ള സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല. അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് ധൈര്യത്തോടെ പറയാന്‍ ഞങ്ങള്‍ക്കാവും.

മുണ്ടുടുത്ത മോദി എന്ന ആക്ഷേപം തെളിയിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയും കൂട്ടരും ചെയ്യുന്നത്. കിളിപറന്ന പോലെയാണ് നേതാക്കള്‍ പലരും പ്രവര്‍ത്തിക്കുന്നത്. സിപിഎം ഓരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. പക്ഷെ, പ്രതിപക്ഷം ഇതൊന്നും മറക്കില്ല. സമരവും പ്രതിഷേധവുമൊന്നും ഇല്ലാതാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Next Story

RELATED STORIES

Share it