Kerala

പെരിന്തല്‍മണ്ണയില്‍ ഒറ്റയടിക്ക് ലേലംചെയ്തത് 323 തൊണ്ടിവാഹനങ്ങള്‍

പെരിന്തല്‍മണ്ണയില്‍ ഒറ്റയടിക്ക് ലേലംചെയ്തത് 323 തൊണ്ടിവാഹനങ്ങള്‍
X

പെരിന്തല്‍മണ്ണ: പോലിസ് സ്‌റ്റേഷനിലും പരിസരത്തുമായി കൂട്ടിയിട്ടിരുന്ന തൊണ്ടിവാഹനങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം. ജനത്തിനും അധികാരികള്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിച്ചിരുന്ന 323 തൊണ്ടിവാഹനങ്ങളാണ് ലേലംചെയ്തത്. മണല്‍ക്കടത്ത് ഉള്‍പ്പെടെയുള്ളവയ്ക്ക് പിടികൂടിയ വാഹനങ്ങളാണ് ഏറെ ശ്രമകരമായ നടപടിക്രമങ്ങള്‍ക്കൊടുവില്‍ ഒഴിവാവുന്നത്. പെരിന്തല്‍മണ്ണയില്‍ ഡിവൈഎസ്പിയായിരുന്ന എം പി മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ സിഐ ടിഎസ് ബിനു, സ്‌റ്റേഷന്‍ റൈറ്റര്‍ ഹുസൈന്‍, ദിനേശ് കിഴക്കേക്കര എന്നിവരുടെയും റവന്യു ഉദ്യോഗസ്ഥനായ പ്രസൂണിന്റേയും നിരന്തരശ്രമമാണ് ഒറ്റയടിക്ക് ഇത്രയും വാഹനങ്ങള്‍ ലേലംചെയ്ത് മാറ്റാനുള്ള വഴിയൊരുക്കിയത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ 2016ല്‍ തുടങ്ങിയിരുന്നെങ്കിലും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയായിരുന്നു. സ്‌റ്റേഷന്‍ഹൗസ് ഓഫിസര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ മണല്‍ക്കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ ലേലംചെയ്ത് മാറ്റുന്നതിനായി റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍, ആര്‍ടിഒ, പോലിസ് എന്നിവര്‍ സംയുക്തമായി പരിശോധിച്ച് വാഹനങ്ങള്‍ക്ക് വില നിശ്ചയിച്ചു. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ലഭ്യമായ വിവരങ്ങള്‍വച്ച് വാഹന ഉടമസ്ഥനെ അറിയിക്കുകയും ലേലം ചെയ്യുന്നതിനായി പരസ്യം നല്‍കുകയുംചെയ്തു. രണ്ടുതവണത്തെ പരസ്യത്തിനുശേഷം ഓണ്‍ലൈനിലൂടെ തിരുവനന്തപുരത്തെ മെറ്റല്‍ സ്‌ക്രാപ് ട്രേഡിങ് കോര്‍പ്പറേഷന് ( എംഎസ്ടിസി) റിപ്പോര്‍ട്ട് നല്‍കി. ഇവര്‍ ഓണ്‍ലൈന്‍ വഴി ലേലപ്പരസ്യം നല്‍കുകയും പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അവസരം നല്‍കി ലേലം പൂര്‍ത്തിയാക്കുകയുമായിരുന്നു. ഇത്തരത്തില്‍ പോലിസ് സ്‌റ്റേഷന്‍ പരിസരത്തുള്ള 323 വാഹനങ്ങള്‍ സ്‌റ്റേഷനില്‍നിന്ന് വിട്ടുകൊടുത്തു. ഇവ മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പെരിന്തല്‍മണ്ണ, മങ്കട, മേലാറ്റൂര്‍ തുടങ്ങിയ േസ്റ്റഷനുകളിലെ 450 ഓളം വാഹനങ്ങള്‍ വൈകാതെ ലേലംചെയ്യാന്‍ നടപടിയെടുത്തു വരുന്നുണ്ട്.

Next Story

RELATED STORIES

Share it