Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ചെന്നിത്തലക്ക് പ്രതികളുമായുള്ള ബന്ധം അന്വേഷിക്കണം- എസ്ഡിപിഐ

കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം ഇത്തരം ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നുണ്ട്. അതിന്റെ സംസ്ഥാനതല നേതൃത്വം ചെന്നിത്തലയ്ക്കു തന്നെയാണ്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ചെന്നിത്തലക്ക് പ്രതികളുമായുള്ള ബന്ധം അന്വേഷിക്കണം- എസ്ഡിപിഐ
X

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസുകാരായ പ്രതികള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്ള ബന്ധം അന്വേഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. 'കൊല്ലപ്പെട്ടവര്‍ പ്രതികളാണെന്നുള്ള' ചെന്നിത്തലയുടെ പ്രസ്താവനയിലൂടെ കൊലയില്‍ തന്റെ വളര്‍ത്തുപുത്രന്മാരായ ഗുണ്ടകളുടെ പങ്ക് സമ്മതിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം ഇത്തരം ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നുണ്ട്. അതിന്റെ സംസ്ഥാനതല നേതൃത്വം ചെന്നിത്തലയ്ക്കു തന്നെയാണ്. കൊലപാതകങ്ങള്‍ തന്റെ മുഖ്യമന്ത്രിയാവാനുള്ള വ്യാമോഹത്തിന് തടസ്സമാവുമോയെന്ന ഭയമാണ് സംഭവത്തിന്റെ ഉത്തരവാദിത്വം എസ്ഡിപിഐ യുടെ ചുമലിലിടാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു.

എസ്ഡിപിഐക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കേ ചെന്നിത്തല നടത്തിയ ഈ പ്രസ്താവന പ്രതികളെ സംരക്ഷിക്കാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണ്. സംഭവത്തില്‍ പ്രതികളായ സജിത്ത്, സജീവ് എന്നിവര്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും സജീവ പ്രവര്‍ത്തകരാണ്. പ്രതികളെല്ലാവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍ തുടങ്ങിയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ ഇരട്ടക്കൊലപാതകമെന്ന് പോലിസ് തന്നെ പറയുന്നു. കസ്റ്റഡിയിലുള്ളവരില്‍ രണ്ട് പേര്‍ മേയ് മാസത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന് സംഭവസമയത്ത് ഇരുവര്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന എസ്എഫ്ഐ തേമ്പാമുട് മേഖല സെക്രട്ടറി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. എസ്ഡിപിഐക്കെതിരേ ചെന്നിത്തല നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം. ഓണനാളില്‍ അത്തപ്പൂക്കളത്തിനു പകരം രക്തപ്പൂക്കളമാക്കി മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. കായംകുളത്ത് കഴിഞ്ഞ ദിവസം യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പിടിയിലായതും കോണ്‍ഗ്രസുകാര്‍ തന്നെയാണ്. സിപിഎമ്മിനോട് മല്‍സരിക്കുന്നതിന് തീരപ്രദേശങ്ങളിലുള്‍പ്പെടെ ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റുകയാണ് കോണ്‍ഗ്രസ്. കേരളത്തെ വീണ്ടും കുരുതിക്കളമാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം അവസാനിപ്പിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it