Kerala

കെഎസ്ഐടിഐഎല്ലിലെ നിയമനം: എം ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം

വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറിയെന്നാണു വിവരം.

കെഎസ്ഐടിഐഎല്ലിലെ നിയമനം: എം ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം
X

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം. ഐടി വകുപ്പിനു കീഴിലുള്ള കെഎസ്ഐടിഐഎല്ലില്‍ ശിവശങ്കര്‍ ഇടപെട്ടു നടത്തിയ നിയമനങ്ങളാണ് അന്വേഷിക്കുന്നത്. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറിയെന്നാണു വിവരം. അന്വേഷണം ഉടന്‍ പ്രഖ്യാപിച്ചേക്കും. ശിവശങ്കറിനെതിരെ അന്വേഷണത്തിന് എറണാകുളം സ്വദേശി നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.സ്വപ്ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍, എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ പറയുന്നത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരേ പ്രാഥമികാന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ളതിനാലാണ് പരാതി സര്‍ക്കാരിന് കൈമാറിയത്.കേന്ദ്ര വിജിലന്‍സ് കമ്മീഷനും എറണാകുളം സ്വദേശി പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് കെഎസ്ഐടിഐഎല്ലിനു കീഴിലെ സ്പേസ് പാര്‍ക്കില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയതും ഇതില്‍ ശിവശങ്കറിന്റെ ഇടപെടലും വിവാദമായിരുന്നു. കെഎസ്ഐടിഐഎല്‍ എം.ഡിയെ കാണാന്‍ സ്വപ്നയോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നതായി എന്‍ഫോഴ്സ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനും മതിയായ യോഗ്യതയില്ലാതെയാണു നിയമനം നേടിയതെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. യുഎസ് പൗരത്വമുള്ള ഒരു വനിതയ്ക്ക് ഐടി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ജോലി നല്‍കിയതും വിവാദമായി. ഐടി വകുപ്പിലെ കരാര്‍ നിയമനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ അന്വേഷണം തുടരുകയാണ്. അതേസമയം, ലൈഫ് മിഷന്‍ വിജിലന്‍സ് അന്വേഷണം ഇഴയുന്നതായി ആക്ഷേപമുണ്ട്.

Next Story

RELATED STORIES

Share it