Kerala

ഇടുക്കിയില്‍ യുവതിയെ മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കിയില്‍ യുവതിയെ മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
X

ഉപ്പുതറ (ഇടുക്കി): ഭര്‍തൃവീട്ടില്‍ യുവതിയെ മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു (27) വിനെയാണ് പീരുമേട് ഡിവൈഎസ്പി കെ ലാല്‍ജി, ഉപ്പുതറ സിഐ ആര്‍ മധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അമലിന്റെ ഭാര്യ ധന്യയെ (21) മാര്‍ച്ച് 29ന് രാവിലെ ആറുമണിയോടെ മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് പുലര്‍ച്ചെ പോയ ശേഷമായിരുന്ന സംഭവം.

അന്നുതന്നെ ധന്യയുടെ അച്ഛന്‍ ജയപ്രകാശ് പരാതി നല്‍കിയിരുന്നു. ധന്യയ്ക്ക് ശാരീരിക, മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ്, ഗാര്‍ഹികപീഡനക്കുറ്റം ചുമത്തി ബുധനാഴ്ച രാവിലെ അമലിനെ അറസ്റ്റുചെയ്തത്. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. 2019 നവംബര്‍ 9ന് ആയിരുന്നു ധന്യയുടേയും അമലിന്റേയും വിവാഹം. 27 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയും നല്‍കിയായിരുന്നു വിവാഹം നടന്നത്. വിവാഹസമയത്ത് നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയായിരുന്നു ധന്യ. വിവാഹശേഷം അമല്‍ മര്‍ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു.

കൂടാതെ കുടുംബാംഗങ്ങളില്‍നിന്ന് മാനസികപീഡനമേറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറയുന്നു. മരിക്കുന്നതിന് തലേദിവസവും ധന്യ വീട്ടില്‍ വിളിച്ച് അമല്‍ മര്‍ദ്ദിച്ചതായി പറഞ്ഞിരുന്നു. അടുത്ത ദിവസം വീട്ടിലെത്തി മകളെ കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയ്യാറെടുത്തിരിക്കെയായിരുന്നു മരണം. ധന്യയുടെ മരണത്തിന് പിന്നാലെ ജയപ്രകാശ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ അമലിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് അമലിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തി ഗാര്‍ഹിക പീഡനവും കൊലപാതകശ്രമവും അടക്കം വകുപ്പുകള്‍ ചുമത്തുമെന്നും അമലിന്റെ മാതാപിതാക്കള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പീരുമേട് ഡിവൈഎസ്പി പി കെ ലാല്‍ജി പറഞ്ഞു.

Next Story

RELATED STORIES

Share it