Kerala

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ബന്ധു ഉൾപ്പടെ മൂന്നുപേർ പിടിയിൽ

യുവതിയുടെ ബന്ധുവായ തിരുവനന്തപുരം മെഡി. കോളജിലെ ദന്ത ഡോക്ടർ, സീരിയൽ നടനായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീർ ഖാൻ, സുഹൃത്ത് നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോർട്ട് പോലിസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ബന്ധു ഉൾപ്പടെ മൂന്നുപേർ പിടിയിൽ
X

തിരുവനന്തപുരം: യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ബന്ധു ഉൾപ്പടെ മൂന്നുപേർ പിടിയിൽ. യുവതിയുടെ ബന്ധുവായ തിരുവനന്തപുരം മെഡി. കോളജിലെ ദന്ത ഡോക്ടർ, സീരിയൽ നടനായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീർ ഖാൻ, സുഹൃത്ത് നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോർട്ട് പോലിസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജ നഗ്നചിത്രങ്ങളാക്കി ഭർത്താവിന്റെയും ബന്ധുക്കളുടെയും വാട്സാപ്പ് നമ്പറുകളിലേക്ക് അയച്ചുനൽകിയെന്ന പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണർ പ്രതാപൻ നായരുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ ഫോർട്ട് ഇൻസ്പെക്ടർ രാകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൂന്ന് പേരെയും പിടികൂടിയത്. മൂവരേയും ഇന്ന് വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.

യുവതിയുടെ അമ്മയുടെ സഹോദരിയുടെ മകനായ ദന്ത ഡോക്ടറാണ് സംഭവത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ നിർദേശപ്രകാരമാണ് ജസീർ ഖാൻ തന്റെ കൈവശമുള്ള ഫോണിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചുനൽകിയത്. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ജസീർ ഖാന് സിം കാർഡ് എടുത്തുനൽകിയതാണ് ശ്രീജിത്തിനെതിരേയുള്ള കുറ്റം.

വ്യാജ നഗ്നചിത്രങ്ങൾ അയച്ച മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂന്ന് പേരും കുടുങ്ങിയത്. ചിത്രങ്ങൾ അയച്ച നമ്പർ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു നമ്പർ താൻ ഉപയോഗിക്കുന്നില്ലെന്നായിരുന്നു വട്ടപ്പാറ സ്വദേശിയുടെ പ്രതികരണം. വിശദമായി പരിശോധിച്ചതോടെ ഇക്കാര്യം ശരിയാണെന്ന് പോലിസും സ്ഥിരീകരിച്ചു. തുടർന്ന് മൊബൈൽ കമ്പനിയിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടുകയും അന്വേഷണം ശ്രീജിത്തിലേക്ക് എത്തുകയുമായിരുന്നു.

മൊബൈൽ സിം ഏജൻസിയും ഫോട്ടോസ്റ്റാറ്റ് കടയും നടത്തിയിരുന്ന ശ്രീജിത്താണ് വട്ടപ്പാറ സ്വദേശിയുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം കാർഡ് എടുത്തതെന്ന് കണ്ടെത്തി. ഈ സിം കാർഡ് സീരിയൽ നടനായ ജസീർ ഖാനാണ് ഉപയോഗിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

Next Story

RELATED STORIES

Share it