Kerala

അബോധാവസ്ഥയിലായ എഴുത്തുകാരന്‍ തോമസ് ജോസഫിന് സഹായഹസ്തം; നോവല്‍ പുസ്തമാക്കി സുഹൃത്തുക്കള്‍

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ തോമസ് ജോസഫ് ഒരുവര്‍ഷത്തിലേറെയായി ചികില്‍സയിലാണ്. അദ്ദേഹം ഒടുവില്‍ എഴുതി പൂര്‍ത്തിയാക്കിയ 'അമ്മയുടെ ഉദരം അടച്ച്' എന്ന നോവല്‍ സുഹൃദ് കൂട്ടായ്മ പുറത്തിറക്കിയത്. വായനപ്പുര പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.അച്ചടിച്ചെലവ് കിഴിച്ചുള്ള മുഴുവന്‍ തുകയും തോമസ് ജോസഫിന്റെ ചികില്‍സാ ചെലവിലേക്ക് നല്‍കും

അബോധാവസ്ഥയിലായ എഴുത്തുകാരന്‍ തോമസ് ജോസഫിന് സഹായഹസ്തം; നോവല്‍ പുസ്തമാക്കി സുഹൃത്തുക്കള്‍
X

കൊച്ചി: മസ്തിഷ്‌കാഘാത്തെതുടര്‍ന്ന് അബോധാവസ്ഥയിലായ എഴുത്തുകാരന്‍ തോമസ് ജോസഫിന്റെ നോവല്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് പുറത്തിറക്കി.എഴുത്തിന്റെ ലോകത്തിലോക്ക് തോമസ് ജോസഫ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും പ്രാര്‍ഥനയും പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹൃദയരും ഞായറാഴ്ച ഒത്തു ചേര്‍ന്ന് തോമസ് ജോസഫിന്റെ 'അമ്മയുടെ ഉദരം അടച്ച്' എന്ന പുതിയ നോവല്‍ വായനലോകത്തിനു സമര്‍പ്പിച്ചത്.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ തോമസ് ജോസഫ് ഒരുവര്‍ഷത്തിലേറെയായി ചികില്‍സയിലാണ്. അദ്ദേഹം ഒടുവില്‍ എഴുതി പൂര്‍ത്തിയാക്കിയ നോവല്‍ സുഹൃദ് കൂട്ടായ്മ പുറത്തിറക്കിയത്.

വലിയ പ്രതീക്ഷയോടെയായിരുന്നു തോമസ് ജോസഫ് 'അമ്മയുടെ ഉദരം അടച്ച്' എന്ന നോവല്‍ പൂര്‍ത്തിയാക്കിയത്്. എന്നാല്‍ ഇത് പുറത്തിറക്കും മുമ്പേ അദ്ദേഹം രോഗക്കിടക്കയിലായി. തോമസ് ജോസഫിന്റ ആഗ്രഹം സാധിക്കുന്നതിനും ഒപ്പം തുടര്‍ ചികില്‍സയ്ക്കും കുടുംബ സഹായത്തിനുമായി പണം സ്വരൂപിക്കാനും കൂടിയാണ് സൃഹൃത്തുക്കള്‍ പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചത്.എറണാകുളം വളഞ്ഞമ്പലത്തെ എന്റെ ഭൂമി ആര്‍ട്ട് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എഴുത്തുകാരായ എന്‍ ശശിധരന്‍, ജമാല്‍ കൊച്ചങ്ങാടി, അയ്മനം ജോണ്‍, ജോര്‍ജ് ജോസഫ് കെ, ഷാജി ചെന്നൈ എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശിപ്പിച്ചു. അവനവന്‍ നിറഞ്ഞുനില്‍ക്കുന്ന മലീമസമായ സാഹിത്യലോകത്ത് അതിന്റെയൊന്നും വക്തവാകാത്ത തോമസ് ജോസഫ് എത്രയും വേഗം എഴുത്തിലേക്ക് മടങ്ങിവരട്ടെ എന്ന് എന്‍ ശശിധരന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ കച്ചവട താല്‍പര്യത്തോടെയുണ്ടാക്കുന്ന എഴുത്തുവിഗ്രഹങ്ങളാണ് ഇന്നുള്ളത്. അല്ലാത്തവര്‍ക്ക് സ്ഥാനമില്ല. സ്വയം വിറ്റും പരസ്യപ്പെടുത്തിയും വിലപേശിയുമേ നിലനില്‍ക്കാനാകൂ. അതിന്റെ പിന്നാലെ പോകാത്തയാളാണ് തോമസ് ജോസഫ് എന്നും ശശിധരന്‍ പറഞ്ഞു. നോവല്‍ എല്ലാവരും വായിക്കുകയും കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുകയുമാണ് ചെയ്യേണ്ടതെന്ന് അയ്മനം ജോണ്‍ പറഞ്ഞു. രോഗഗ്രസ്തനായി അമ്മയുടെ ഗര്‍ഭത്തിലെന്നപോലെ കിടക്കുന്ന അദ്ദേഹം പുതിയൊരു രചനയ്ക്കായി അബോധത്തിന്റെ ഉദരം ഭേദിച്ചു വരുമെന്ന് ജോര്‍ജ് ജോസഫ് കെ പറഞ്ഞു. തോമസ് ജോസഫിനെ അടുത്തറിയാനായതിന്റെ അനുഭവങ്ങള്‍ ഷാജി ചെന്നൈ പങ്കിട്ടു

. എ എസ് പ്രിയ , പി എഫ് മാത്യൂസ്, ജോണ്‍ പോള്‍, ടി എം എബ്രഹാം, തനൂജ ഭട്ടതിരി, ബാബു കുഴിമറ്റം, വേണു വി ദേശം, ബോണി തോമസ്, സുധി അന്ന ചടങ്ങില്‍ പങ്കെടുത്തു. സി ടി തങ്കച്ചന്‍ സ്വാഗതവും പോള്‍സണ്‍ തേങ്ങാപ്പുരയ്ക്കല്‍ നന്ദിയും പറഞ്ഞു. വായനപ്പുര പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.അച്ചടിച്ചെലവ് കിഴിച്ചുള്ള മുഴുവന്‍ തുകയും തോമസ് ജോസഫിന്റെ ചികില്‍സാ ചെലവിലേക്ക് നല്‍കും. പ്രകാശനത്തോടനുബന്ധിച്ച് മൂന്നൂറോളം പുസ്തകം വിറ്റു. തപാലിലും പ്രസ്‌ക്ലബ് റോഡിലെ സിഐസിസി ബുക്സിലും തുടര്‍ന്നും പുസ്തകം ലഭിക്കും.

Next Story

RELATED STORIES

Share it