Soft News

തിരക്കേറിയ റോഡിലൂടെ സിംഹങ്ങളുടെ റൂട്ട്മാര്‍ച്ച്; തരംഗമായി വീഡിയോ ദൃശ്യങ്ങള്‍

മഴയില്‍ കുതിര്‍ന്ന തിരക്കേറിയ റോഡിലൂടെ പൂര്‍ണവളര്‍ച്ചയെത്തിയ നാലു സിംഹങ്ങള്‍ റൂട്ട്മാര്‍ച്ചിനെ അനുസ്മരിപ്പിക്കുംവിധം നടന്നു നീങ്ങുന്ന ദൃശ്യമാണ് ആയിരങ്ങളില്‍ ഒരേ സമയം ഭീതിയും വിസ്മയവും ജനിപ്പിക്കുന്നത്.

കാനനങ്ങളില്‍ സ്വതന്ത്ര്യമായി വിഹരിക്കുന്ന സിംഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയെന്നത് മനുഷ്യന്റെ വന്യമായ സ്വപ്‌നങ്ങളിലൊന്നാണ്. അത്തരമൊരു സഞ്ചാരത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. മഴയില്‍ കുതിര്‍ന്ന തിരക്കേറിയ റോഡിലൂടെ പൂര്‍ണവളര്‍ച്ചയെത്തിയ നാലു സിംഹങ്ങള്‍ റൂട്ട്മാര്‍ച്ചിനെ അനുസ്മരിപ്പിക്കുംവിധം നടന്നു നീങ്ങുന്ന ദൃശ്യമാണ് ആയിരങ്ങളില്‍ ഒരേ സമയം ഭീതിയും വിസ്മയവും ജനിപ്പിക്കുന്നത്.

അടിവച്ചടിവച്ച് നടന്നു നീങ്ങുന്ന സിംഹങ്ങളെ കാറുകള്‍ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. ലയണ്‍സ് ഓഫ് ക്രുഗര്‍ പാര്‍ക്ക് ആന്റ് സാബി സാന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ദൃശ്യങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സംഭവം വൈറലാവുകയായിരുന്നു. ദിവസങ്ങള്‍ക്കകം 20ലക്ഷത്തിലധികം പേരാണ് ദൃശ്യങ്ങള്‍ കണ്ടത്. ഞെട്ടലും അല്‍ഭുതവും പ്രകടിപ്പിച്ച് ആയിരക്കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയിലെ ക്രുഗര്‍ ദേശീയ പാര്‍ക്കില്‍നിന്നുള്ള ദൃശ്യമാണിത്. 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

തിരക്കേറിയ റോഡില്‍ ആരെയും കൂസാതെ രാജകീയ പ്രൗഢിയോടെ സിംഹങ്ങള്‍ നടന്നു നീങ്ങുന്നതും ഇതിനു പിന്നിലായി നിരവധി കാറുകള്‍ ഇഴഞ്ഞു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള എപ്പിസോഡില്‍ വന്യമൃഗങ്ങള്‍ തന്നെയാണ് മുകളിലെന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് ഇതെന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.രണ്ട് ആഴ്ച മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 34000 പേരാണ് പങ്കുവച്ചത്. അതിശയവും വിസ്മയവും പ്രകടിപ്പിച്ച് നൂറുകണക്കിന് കമന്റുകളാണ് ഇതിനു ലഭിച്ച് കൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it