World

അറബിക്കടലില്‍ ഇസ്രായേല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂത്തികള്‍

അറബിക്കടലില്‍ ഇസ്രായേല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂത്തികള്‍
X

സന: അറബിക്കടലില്‍ ഇസ്രായേല്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യെമനിലെ ഹൂത്തികള്‍. അറബിക്കടലില്‍ ഇസ്രായേല്‍ കപ്പല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരിയ പറഞ്ഞു.

ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും യഹ്യ സരിയ കൂട്ടിച്ചേര്‍ത്തു. 'പുതിയ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മിസൈലുകള്‍ ലക്ഷ്യ സ്ഥാനത്ത് കൃത്യമായി എത്തുന്നതില്‍ വിജയിച്ചു,' യഹ്യ സരിയ പറഞ്ഞു.

ഹൂത്തികളുടെ സൈനിക ശേഷി വികസിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ സൈനികമായി പിന്തുണക്കുമെന്നും യഹ്യ സരിയ വ്യക്തമാക്കി. ഗസയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഫലസ്തീനികള്‍ക്ക് വേണ്ടിയുള്ള ഹൂത്തികളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ കപ്പല്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും ഹൂത്തി ടെലിവിഷന്‍ അറിയിച്ചു. യെമനിലെ നിഷ്തൂണ്‍ തുറമുഖത്തിന് തെക്കുകിഴക്ക് ഭാഗത്ത് വെച്ച് ഒരു കപ്പല്‍ ആക്രമിക്കപ്പെട്ടതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണത്തില്‍ കപ്പലില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റില്ലെന്നും കപ്പല്‍ അടുത്ത തുറമുഖത്തേക്ക് നീങ്ങുകയാണെന്നുമാണ് തിങ്കളാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ നവംബര്‍ മുതല്‍ ഗസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഹൂത്തികള്‍ തുടരുകയാണ്. ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഹൂത്തികള്‍ നേരത്തെ അറിയിച്ചിരുന്നു.





Next Story

RELATED STORIES

Share it