World

ജപ്പാനില്‍ ജോക്കര്‍ വേഷത്തിലെത്തിയ അക്രമി ട്രെയിനിന് തീവച്ചു; 17 പേര്‍ക്ക് പരിക്ക് (വീഡിയോ)

ജപ്പാനില്‍ ജോക്കര്‍ വേഷത്തിലെത്തിയ അക്രമി ട്രെയിനിന് തീവച്ചു; 17 പേര്‍ക്ക് പരിക്ക് (വീഡിയോ)
X

ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ 24കാരന്‍ ട്രെയിനില്‍ നടത്തിയ ആക്രമണത്തില്‍ 17 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബാറ്റ്മാന്‍ ചലച്ചിത്ര പരമ്പരയിലെ ജോക്കറിന്റെ വേഷം ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. അക്രമി ട്രെയിനില്‍ ഏതോ ദ്രാവകം ഒഴിക്കുകയും തൊട്ടുപിന്നാലെ തീപ്പിടിത്തമുണ്ടാവുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹാലോവീന്‍ സമ്മേളനങ്ങള്‍ക്കായി സിറ്റി സെന്ററിലേക്ക് പോയവരാണ് ആക്രമണത്തിന് ഇരയായത്.

യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതും തൊട്ടുപിന്നാലെ ചെറിയ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടാവുന്നതും ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍നിന്ന് വ്യക്തമാണ്. ട്രെയിന്‍ നിര്‍ത്തിയതിന് പിന്നാലെ യാത്രക്കാര്‍ ജനാലവഴി ഇറങ്ങാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ആളുകള്‍ പുറത്തേക്കോടുന്ന സമയത്താണ് ഇയാള്‍ കത്തി വീശിയത്. ഇതില്‍ പലര്‍ക്കും കുത്തേല്‍ക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമിയെ പോലിസ് സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

60 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ കുത്തേറ്റതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായി. ഇയാളുടെ നില ഗുരുതരമാണ്. ജോക്കര്‍ ധരിക്കുന്നതുപോലെ പര്‍പ്പിള്‍ സ്യൂട്ടും തിളങ്ങുന്ന പച്ച ഷര്‍ട്ടും ധരിച്ച ഒരു കണ്ണടക്കാരന്‍ ഒഴിഞ്ഞ ട്രെയിനില്‍ ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാലുകള്‍ കവച്ചുവച്ച് ശാന്തനായി സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നീട് പോലിസ് ഇയാളെ വളയുന്നതും പിടികൂടുന്നതും കാണാം. ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനായ ഷിന്‍ജുകുവിലേക്കുള്ള കെയോ എക്‌സ്പ്രസ് ലൈനില്‍ രാത്രി 8 മണിയോടെയാണ് ആക്രമണമുണ്ടായത്.

Next Story

RELATED STORIES

Share it