World

റോഹിന്‍ഗ്യകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം; 15000 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫേസ്ബുക്കിനെതിരേ മാനനഷ്ടക്കേസ്

അമേരിക്കയിലും ബ്രിട്ടനിലുമുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണ് ഫേസ്ബുക്കിനെതിരെ 15000 കോടി ഡോളറിന്റെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തത്.

റോഹിന്‍ഗ്യകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം; 15000 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫേസ്ബുക്കിനെതിരേ മാനനഷ്ടക്കേസ്
X

ലണ്ടന്‍: മ്യാന്‍മര്‍ വിഷയത്തില്‍ തങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് അനുവദിച്ചതില്‍ ഫേസ്ബുക്കിനെതിരേ കേസ് ഫയല്‍ ചെയ്ത് റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍. അമേരിക്കയിലും ബ്രിട്ടനിലുമുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണ് ഫേസ്ബുക്കിനെതിരെ 15000 കോടി ഡോളറിന്റെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തത്.

റോഹിന്‍ഗ്യകള്‍ക്കെതിരായ വിദ്വേഷപ്രസംഗങ്ങള്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിക്കുന്നതിന് ഫേസ്ബുക്ക് അനുവാദം നല്‍കിയെന്ന് ആരോപിച്ചാണ് പരാതി. മ്യാന്‍മറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിന്‍ഗ്യ മുസ്‌ലിങ്ങള്‍ക്കെതിരായ അക്രമങ്ങളേയും വിദ്വേഷ പ്രചരണങ്ങളേയും ഫേസ്ബുക്ക് പ്രോത്സാഹിപ്പിച്ചുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ സംബന്ധിച്ച തെറ്റായ വിവരങ്ങളും അവര്‍ക്കെതിരേ വിദ്വേഷ ജനകമായ വാര്‍ത്തകളും വര്‍ഷങ്ങളോളം തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിക്കുന്നതിന് ഫേസ്ബുക്ക് മൗനാനുവാദം നല്‍കിയെന്നും പരാതിയിലുണ്ട്.

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ബ്രിട്ടനിലെ ഒരു നിയമസ്ഥാപനമാണ് ഫേസ്ബുക്കിന് നോട്ടീസ് അയച്ചത്.ഫേസ്ബുക്കിന്റെ അല്‍ഗൊരിതം റോഹിങ്ക്യകള്‍ക്കെതിരായ വിദ്വേഷപ്രസംഗത്തെ വര്‍ധിപ്പിച്ചെന്നും കൂടുതല്‍ പ്രചരിപ്പിച്ചെന്നുമാണ് കത്തില്‍ പറയുന്നത്.

മ്യാന്‍മറിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുമ്പൊഴോ അത് സംബന്ധിച്ച പോസ്റ്റുകള്‍ വരുമ്പോഴോ ഫേസ്ബുക്ക് ഫാക്ട് ചെക്കിങ് സേവനം ഉപയോഗിച്ചില്ലെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്.

റോഹിന്‍ഗ്യകള്‍ക്കെതിരായ അക്രമത്തിലേയ്ക്ക് നയിക്കാവുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുകയോ അതിനെതിരായ നടപടിയെടുക്കുകയോ ഫേസ്ബുക്ക് ശ്രമിച്ചില്ലെന്നും പറയുന്നു. യുഎസ് സാന്‍ഫ്രാന്‍സിസ്‌കോയിലും ഫേസ്ബുക്കിനെതിരേ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.എന്നാല്‍ ഫേസ്ബുക്കോ മാതൃകമ്പനിയായ മെറ്റയോ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2017ല്‍ മാത്രം റോഹിങ്ക്യകള്‍ക്കെതിരെ ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന ആക്രമണങ്ങളില്‍ 10,000ലധികം റോഹിന്‍ഗ്യകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it