World

ചിത്രങ്ങള്‍ വ്യാജനോ...?; പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്

ഇതുവരെ പ്രതിമാസം രണ്ടു മില്യണ്‍ അക്കൗണ്ടുകള്‍ റദ്ദാക്കിയതായാണു റിപോര്‍ട്ട്

ചിത്രങ്ങള്‍ വ്യാജനോ...?; പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്
X

ന്യൂഡല്‍ഹി: വാട്‌സാപ്പില്‍ വരുന്ന ചിത്രങ്ങളെല്ലാം വ്യാജനല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, കൂടുതലും വ്യാജനാണെന്നും പ്രചരിപ്പിച്ചാല്‍ പണി കിട്ടുമെന്നും ഭയക്കുന്നവര്‍ ഏറെയാണ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അറിയാതെ പ്രചരിപ്പിച്ചവര്‍ പലപ്പോഴും കുടുങ്ങിയിട്ടുമുണ്ട്. പലര്‍ക്കും മാനഹാനിയും ഉണ്ടാക്കിയിട്ടുണ്ട്. കാലങ്ങളായുള്ള ഇത്തരം പരാതികള്‍ക്ക് പരിഹാരവുമായി വാട്‌സാപ്പ് കമ്പനി രംഗത്തെത്തുന്നു. വ്യാജ ചിത്രങ്ങള്‍ തിരിച്ചറിയാനും പരിശോധിക്കാനും പുത്തന്‍ ഫീച്ചറാണ് കമ്പനിയുടെ വാഗ്ദാനം. ഏതൊരു ചിത്രത്തിന്റെയും ഉറവിടം കണ്ടെത്താന്‍ സഹായിക്കുന്ന ഗൂഗിളിന്റെ ഇമേജ് സെര്‍ച്ച് ഓപ്ഷന്‍ വഴിയാണ് വ്യാജ സന്ദേശം തടയാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നത്. ചിത്രങ്ങളുടെ സത്യാവസ്ഥ ഒരു ക്ലിക്കിലൂടെ സെര്‍ച്ച് ഇമേജിലൂടെ അറിയാം. ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സേര്‍ച്ചിനെ വാട്‌സാപ്പുമായി ബന്ധിപ്പിക്കാനാണു പദ്ധതി. ഉപയോക്താവിന്റെ കൈവശമുള്ള ചിത്രം അപ്‌ലോഡ് ചെയ്താല്‍ സമാനമായ ചിത്രങ്ങളുടെ വിവരങ്ങള്‍ നല്‍കും. സേവനം എന്നുമുതല്‍ ലഭ്യമാവുമെന്ന് വാട്‌സാപ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ വേര്‍ഷന്‍ 2.19.73 ആപ്പില്‍ ഇവയുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. ഫീച്ചറില്‍ ക്ലിക്ക് ചെയ്യുന്നതോടെ ചിത്രത്തിന്റെ യാഥാര്‍ഥ്യമെന്തെന്ന് വെബ് പൂളില്‍ ഗൂഗിള്‍ തന്നെ സെര്‍ച്ച് ചെയ്ത് കണ്ടെത്താനാവും. പുത്തന്‍ സംവിധാനം എല്ലാ വേര്‍ഷനിലും ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.

പുതിയ സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്നാണു സൂചന. വ്യാജ ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിക്കുന്നതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാട്‌സാപ്പിനെതിരേ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ബോട്ട് അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും കമ്പനി റദ്ദാക്കി വരികയായിരുന്നു. ഇതുവരെ പ്രതിമാസം രണ്ടു മില്യണ്‍ അക്കൗണ്ടുകള്‍ റദ്ദാക്കിയതായാണു റിപോര്‍ട്ട്. മാത്രമല്ല, വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ നേരത്തേ 20 പേര്‍ക്ക് അയക്കാന്‍ കഴിഞ്ഞിരുന്നത് ഈയിടെ അഞ്ചു പേരില്‍ കൂടുതലുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനാവാത്ത വിധം മാറ്റം വരുത്തിയിരുന്നു.ഒപ്പം ഭിന്നശേഷിക്കാരെ സൂചിപ്പിക്കുന്ന നിറങ്ങളുള്ള പതാക ഇമോജിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.







Next Story

RELATED STORIES

Share it