Gulf

സൗദിയിലെ നാല് നഗരങ്ങളിലായി കെഎംസിസി ദേശീയ ഫുട്ബോൾ മേള സംഘടിപ്പിക്കുന്നു

സൗദിയിലെ നാല് നഗരങ്ങളിലായി കെഎംസിസി ദേശീയ ഫുട്ബോൾ മേള സംഘടിപ്പിക്കുന്നു
X

ജിദ്ദ: സൗദി നാഷനൽ കെഎംസിസി പരേതനായ എൻജിനീയർ സി ഹാഷിമിൻ്റെ നാമധേയത്തിൽ ദേശീയ ഫുട്ബോൾ മേള ആരംഭിക്കുന്നു. മെയ് 17ന് ജിദ്ദയിൽ തുടങ്ങി ജൂലൈ 12 ന് റിയാദിൽ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്

സൗദി അറേബ്യയിലെ പ്രധാനപ്പെട്ട എല്ലാ റീജിയനുകളിലേയും ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ടൂർണമെന്റ് ആദ്യമായാണ് നടത്തപ്പെടുന്നത്. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു എന്നീ നഗരങ്ങളിലാണ് ടൂർണമെന്റിന്റെ ആതിഥേയ നഗരങ്ങൾ. സൗദി അറേബ്യയിലെ നാലു പ്രവിശ്യകളിലെ ഫുട്ബോൾ അസോസിയേഷനുകളായ സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യകളിലെ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്

ജിദ്ദയിൽ നിന്ന് മൂന്നും റിയാദിൽ നിന്നും ദമാമിൽ നിന്നും രണ്ട് ടീമുകൾ വീതവും യാമ്പുവിൽ നിന്ന് ഒരു ടീമുമാണ് മൽസരത്തിനായി ബൂട്ട് കെട്ടുന്നത്. സൗദി പ്രവാസികൾക്കിടയിൽ ഇതു വരെ നടന്ന ടൂർണ്ണമെന്റിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയികളെ കാത്തിരിക്കുന്നത്.

സൗദി അറേബ്യയിലെ വിവിധ അസോസിയേഷനുകളിൽ കളിക്കുന്ന മികച്ച കളിക്കാരും ഐ-ലീഗ്, സന്തോഷ് ട്രോഫി എന്നിവയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളും കളത്തിലിറങ്ങുമെന്നാണ് കണക്കു കൂട്ടുന്നത് . ഉൽഘാടന മത്സരം ജിദ്ദയിലും മറ്റു ഗ്രൂപ്പ് തല മത്സരങ്ങൾ വിവിധ നഗരങ്ങളിലും, സെമി ഫൈനൽ ദമാമിലും ജിദ്ദയിലുമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. കലാശ പോരാട്ടം തലസ്ഥാന നഗരിയായ റിയാദിലാണ് നടക്കുക.

ടൂർണമെൻ്റിനോടനുബന്ധിച്ച് അനേകം സമ്മാനങ്ങളാണ് കാണികളെ കാത്തിരിക്കുന്നത്. ലക്കീ ഡ്രോ കൂപ്പണുകളും വിവിധ തരത്തിലുള്ള സമ്മാനങ്ങളും ഇതിൽ ഉൾപെടും.

ജിദ്ദയിലെ റമദാ ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സൗദി നാഷനൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ഖജാഞ്ചി ഖാലിദ് പാളയാട്ട്, വൈസ് പ്രസിഡന്റ് നിസാം മമ്പാട്, നാഷനൽ സ്‌പോർട്സ് വിങ് ചെയർമാൻ ബേബി നീലാബ്ര, കോഓഡിനേറ്റർ മുജീബ് ഉപ്പട, വൈസ് ചെയർമാൻ അബൂ കട്ടുപ്പാറ, ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്രറി വി പി മുസ്തഫ , മക്ക കെഎംസിസി ജനറൽ സെക്രട്രറി മുജീബ് പൂക്കോട്ടൂർ പങ്കെടുത്തു.

Next Story

RELATED STORIES

Share it