Gulf

കൊറോണ ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കണം: ആലപ്പുഴ പ്രവാസി അസോസിയേഷന്‍

തൊഴില്‍ നഷ്ടപ്പെട്ടും സ്ഥാപനങ്ങള്‍ ഉപേക്ഷിച്ചും 2 മാസമായി റൂമുകളില്‍ സന്നദ്ധ സംഘടനകള്‍ നല്‍കിയ ഭക്ഷണം കഴിച്ചും സന്നദ്ധ സംഘടനകള്‍ വിമാന യാത്രക്കൂലി നല്‍കിയും നാട്ടിലെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്റൈന്‍ ചിലവുകള്‍ ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് യോഗം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൊറോണ ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കണം: ആലപ്പുഴ പ്രവാസി അസോസിയേഷന്‍
X

മനാമ: വിദേശ രാജ്യങ്ങളില്‍ കൊവിഡ് 19 രോഗം ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുത്ത് സംരക്ഷിക്കണമെന്ന് ബഹ്‌റിനിലെ ആലപ്പുഴ പ്രവാസി അസോസിയേഷന്‍ യോഗം സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 127 പ്രവാസികള്‍ ഇതിനോടകം മരണപ്പെടുകയും, നിരവധി പേര് ചികിത്സയിലും ആയതിനാല്‍ മരണ സംഖ്യ കൂടുവാനുള്ള സാധ്യതയാണുള്ളത്.

ഇവരുടെ മൃത ദേഹങ്ങള്‍ ഇവിടെ തന്നെ മറവുചെയ്യുന്നതിനാല്‍ കുടുംബാംഗങ്ങള്‍ അതീവ ദുഃഖത്തില്‍ കഴിയുകയാണ്.ഈ കുടുംബങ്ങളുടെ വരുമാന സ്രോതസ് നിലച്ച് പലരും ദുരിതത്തിലാണ്. അടിയന്തിരമായി 15 ലക്ഷം രൂപ വീതം ഈ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം.

സര്‍ക്കാര്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തി ആശ്രിത നിയമന പ്രകാരം പ്രായപൂര്‍ത്തി ആയ അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുകയും കുട്ടികളുടടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഈ കുടുംബങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. ബാങ്ക് വായ്പകള്‍ എഴുതി തള്ളുകയും ഈ അനാഥ കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കയും ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

തൊഴില്‍ നഷ്ടപ്പെട്ടും സ്ഥാപനങ്ങള്‍ ഉപേക്ഷിച്ചും 2 മാസമായി റൂമുകളില്‍ സന്നദ്ധ സംഘടനകള്‍ നല്‍കിയ ഭക്ഷണം കഴിച്ചും സന്നദ്ധ സംഘടനകള്‍ വിമാന യാത്രക്കൂലി നല്‍കിയും നാട്ടിലെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്റൈന്‍ ചിലവുകള്‍ ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് യോഗം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വീട്ടുചിലവിനുള്ള പണം പോലും അയക്കാതെ കഴിഞ്ഞിരുന്ന പ്രവാസികള്‍ ഈ തുക കണ്ടെത്തുവാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ്. സര്‍ക്കാര്‍ തീരുമാനം പ്രവാസികളോട് കാട്ടുന്ന ക്രൂരതയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പട്ടു.

അസോസിയേഷന്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയലാല്‍ ചിങ്ങോലി,സുള്‍ഫിക്കര്‍ ആലപ്പുഴ, വിജയലക്ഷ്മി പള്ളിപ്പാട്, അനില്‍ കായംകുളം,സീന അന്‍വര്‍, ജോയ് ചേര്‍ത്തല, ഹാരിസ് വണ്ടാനം, അനീഷ് ആലപ്പുഴ, ശ്രീജിത്ത് കൈമള്‍, പ്രവീണ്‍ മാവേലിക്കര, ജോര്‍ജ് അമ്പലപ്പുഴ, മിഥുന്‍ ഹരിപ്പാട്, ബിനു ആറാട്ടുപുഴ, സജി കലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it