Gulf

യുഎഇയില്‍ നാല് ഇസ്രായേലുകാര്‍ക്ക് കുത്തേറ്റുവെന്ന വാര്‍ത്ത വ്യാജമെന്ന് ദുബായ് പോലിസ്

യുഎഇയില്‍ നാല് ഇസ്രായേലുകാര്‍ക്ക് കുത്തേറ്റുവെന്ന വാര്‍ത്ത വ്യാജമെന്ന് ദുബായ് പോലിസ്
X
ദുബായ്: ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യുഎഇയില്‍ നാല് ഇസ്രായേലികള്‍ക്ക് കുത്തേറ്റതായി വ്യാജ പ്രചരണം. വാര്‍ത്ത നിഷേധിച്ച് ദുബായ് പോലിസ് പ്രസ്താവനയിറക്കി. അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പോലിസ് അഭ്യര്‍ത്ഥിച്ചു.യുഎഇയില്‍ നാല് ഇസ്രായേലുകാരെ ഒരാള്‍ കുത്തിക്കൊന്നതായും പ്രതിയെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തുവെന്നുമായിരുന്നു വ്യാജ വാര്‍ത്ത. എക്‌സ് (പഴയ ട്വിറ്റര്‍), ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുറ്റകൃത്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒന്നിലധികം പ്ലാറ്റ്‌ഫോമുകള്‍ റിപ്പോര്‍ട്ട് ബ്രേക്കിങ് ന്യൂസ് ആയി പ്രചരിപ്പിച്ചിരുന്നു.

ഇതോടെയാണ് ദുബായ് പോലിസ് മീഡിയ ഓഫീസ് വഴി പ്രസ്താവന പുറപ്പെടുവിച്ചത്. അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവു എന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത വിശദീകരണത്തില്‍ പോലിസ് അഭ്യര്‍ത്ഥിച്ചു. യുഎഇയില്‍ ക്രമസമാധാനവും സുരക്ഷയും പരമപ്രധാനമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് യുഎഇയില്‍ ഒരു ലക്ഷം ദിര്‍ഹം പിഴയും ജയില്‍ശിക്ഷയും ഉള്‍പ്പെടെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്.






Next Story

RELATED STORIES

Share it