Gulf

കുവൈത്ത് വാര്‍ത്താ ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം: ഈജിപ്ഷ്യന്‍ സ്വദേശി അറസ്റ്റില്‍

കുവൈത്ത് വാര്‍ത്താ ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം: ഈജിപ്ഷ്യന്‍ സ്വദേശി അറസ്റ്റില്‍
X

കുവൈത്ത് സിറ്റി: കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'കുന'യുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ ഈജിപ്ഷ്യന്‍ സ്വദേശി അറസ്റ്റില്‍. ഇക്കഴിഞ്ഞ ജനുവരി 8നാണു 'കുന' യുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. കുവൈത്തിലെ അമേരിക്കന്‍ സൈന്യം മൂന്നു ദിവസത്തിനകം രാജ്യത്ത് നിന്ന് പിന്‍മാറുന്നതായി പ്രസ്താവിച്ച് പ്രതിരോധ മന്ത്രി ഷൈഖ് അഹമദ് അല്‍ മന്‍സൂര്‍ അല്‍ സബാഹിന്റെ പേരില്‍ 'കുന' യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് ഇറാനും അമേരിക്കയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയില്‍ വന്ന ഈ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണു റിപോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ത്ത നിഷേധിക്കുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം സ്ഥിരീകരിക്കുകയും ചെയ്ത് കുവൈത്ത് സര്‍ക്കാരിനു ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കേണ്ടി വന്നിരുന്നു. അല്‍പ നേരത്തേക്കാണേങ്കിലും പ്രസ്തുത സംഭവം അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. അതിനിടെ, അറസ്റ്റിലായ ഈജിപ്ഷ്യന്‍ പൗരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതുകാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കെതിരേ രാജ്യ സുരക്ഷ നിയമ പ്രകാരമായിരിക്കും കേസെടുക്കുക.


Next Story

RELATED STORIES

Share it