Gulf

ബഹ്‌റയ്‌നിലേക്ക് പ്രവേശനം റസിഡന്റ് വിസക്കാര്‍ക്ക് മാത്രം; ബഹ്‌റയ്ന്‍ വഴിയുള്ള സൗദി യാത്രയും അനിശ്ചിതത്വത്തില്‍

ബഹ്‌റയ്‌നിലേക്ക് പ്രവേശനം റസിഡന്റ് വിസക്കാര്‍ക്ക് മാത്രം; ബഹ്‌റയ്ന്‍ വഴിയുള്ള സൗദി യാത്രയും അനിശ്ചിതത്വത്തില്‍
X

മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റയ്‌നിലേക്കുള്ള പ്രവേശനം റസിഡന്റ് വിസക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് സൗദി പ്രവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. വെള്ളിയാഴ്ച മുതല്‍ ബഹ്‌റയ്‌നിലേക്ക് ഇന്ത്യയില്‍നിന്ന് റസിഡന്റ് വിസക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സന്ദര്‍ശന വിസക്കാര്‍ക്ക് അനുമതി നല്‍കുകയില്ലെന്ന് കൊവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്.

ബഹ്‌റയ്ന്‍ വഴിയുള്ള സൗദി യാത്ര താല്‍ക്കാലികമായി നിലയ്ക്കുന്ന തരത്തിലാണ് അധികൃതര്‍ ഇന്ന് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയെ കൂടാതെ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നും ബഹ്‌റയ്‌നില്‍ റസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇവര്‍ക്ക് ബഹ്‌റയ്‌നില്‍ 10 ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്. നേരത്തെ ഇത് ഒരുദിവസമായിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ സര്‍ട്ടിഫിക്കറ്റ് ഇവര്‍ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡുമുണ്ടായിരിക്കണം.

ബഹ്‌റയ്‌നിലെത്തുമ്പോള്‍ വിമാനത്താവളത്തിലും തുടര്‍ന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം. ഈ രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും പത്തുദിവസം സ്വന്തം വസതിയില്‍ ക്വാറന്റൈനില്‍ കഴിയാം. അല്ലെങ്കില്‍ ദേശീയ ആരോഗ്യ റെഗുലേറ്ററി ലൈസന്‍സുള്ള ഏതെങ്കിലും ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയാനും അനുവാദമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

ഒത്തുചേരലുകള്‍ ആറ് പേര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. കൂടാതെ, ഷോപ്പിങ് മാള്‍, മാര്‍ക്കറ്റ്, റസ്റ്റോറന്റ്, സലൂണ്‍, സിനിമാ തിയറ്റര്‍ എന്നിവിടങ്ങളില്‍ കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസമായവര്‍ക്കും കൊവിഡ് മുക്തി നേടിയവര്‍ക്കും മാത്രമായിരിക്കും പ്രവേശനം. ഇവിടങ്ങളില്‍ 18 വയസില്‍ താഴെയുള്ളവരുടെ പ്രവേശനം നിരോധിച്ചു. എന്നാല്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഈ നിയന്ത്രണം ബാധകമല്ല. വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ ജൂണ്‍ മൂന്ന് വരെ തുടരുമെന്ന് നാഷനല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it