Gulf

സംഘപരിവാര്‍ ഫാസിസത്തിനെതിരേ ശബ്ദമുയര്‍ത്താത്ത മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ നിലപാട് അപകടകരം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

വികസന ചര്‍ച്ചകള്‍ക്കും ക്രിയാത്മകമായ രാഷ്ട്രീയത്തിനും പകരം മുന്നണികള്‍ നടത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞതായും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി.

സംഘപരിവാര്‍ ഫാസിസത്തിനെതിരേ ശബ്ദമുയര്‍ത്താത്ത മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ നിലപാട് അപകടകരം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ജിസാന്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിരുത്തരവാദ രാഷ്ട്രീയ പേക്കൂത്തുകളാണ് അരങ്ങേറാന്‍ പോകുന്നത്. വികസന ചര്‍ച്ചകള്‍ക്കും ക്രിയാത്മകമായ രാഷ്ട്രീയത്തിനും പകരം മുന്നണികള്‍ നടത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞതായും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി.

രാജ്യത്തിന്റെ സകല മേഖലകളും സംഘപരിവാര ഫാഷിസം വിഴുങ്ങിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തിലെ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പോലും ഫാഷിസത്തിനെതിരേ ഒരു മുദ്രാവാക്യവും ഉയര്‍ത്താന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. ഇത് രാജ്യത്തെ ബഹുസ്വര സമൂഹത്തിന് അത്യന്തം ആശങ്ക ഉളവാക്കുന്നതാണ്. മാത്രമല്ല ഇടത് വലത് കക്ഷികളില്‍ അധികാരമോഹത്താല്‍ നേതൃനിരയിലുള്ളവര്‍ വരെ ഉത്തരേന്ത്യന്‍ മാതൃകയില്‍ ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത് നാടിന് അപകടകരമായ സന്ദേശമാണ് നല്‍കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ജനങ്ങളെ വിഢികളാക്കുന്ന സമീപനമാണ് ലോകസഭാ അംഗത്വം രാജി വെക്കുന്നതിലൂടെ കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗും സ്വീകരിച്ചിട്ടുള്ളത്.

ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് പ്രതിപക്ഷപാര്‍ട്ടികളുടെ യോജിച്ചുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കലാണ് തന്റെ ദൗത്യം എന്ന് വോട്ടര്‍മാരോട് പറഞ്ഞുകൊണ്ട് വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞാലികുട്ടിയും മുസ്‌ലിം ലീഗും ദേശീയരാഷ്ട്രീയത്തിലെ മാറിയ സാഹചര്യമെന്താണെന്ന് വിശദീകരിക്കാന്‍ ബാധ്യസ്ഥരാണ്. മലപ്പുറത്തെ വോട്ടര്‍മാര്‍ക്ക് കാലഘട്ടം ആവശ്യപ്പെടുന്ന ദൗത്യം നിര്‍വഹിക്കാന്‍ ലഭിച്ച മികച്ചൊരവസരമാണിതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി ഓര്‍മിപ്പിച്ചു. അധികാരത്തിന്റെ മത്ത് പിടിച്ച ഇത്തരം രാഷ്ട്രീയ നേതാക്കന്മാര്‍ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് ഇത്, ഇത്തരം നിരുത്തരവാദിത്വപരമായ നടപടികള്‍ക്ക് മലപ്പുറത്തെ ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കണം, അധികാരത്തിനപ്പുറം ഫാസിസത്തിനെതിരെ പാര്‍ലമെന്റില്‍ ശബ്ദിക്കാന്‍ കരുത്തുള്ള എസ്.ഡി.പി.ഐ സഥാനാര്‍ത്ഥി ഡോ. തസ്‌ലീം റഹ്മാനിയെ വിജയിപ്പിക്കണെമെന്ന് യോഗം പ്രസ്താവിച്ചു.

ഇന്ത്യയിലെ മതേതരത്വ, ജനാതിപത്യ വിശ്വാസികള്‍ക്ക് ഇത്തരം മുഖ്യധാരാ രാഷ്ട്രീയ കക്ഷികളില്‍ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു ജനകീയ ബദല്‍ അനിവാര്യമാണ്. അത് കൊണ്ട് തന്നെ 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന എസ്ഡിപിഐ സാരഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ വൈസ് പ്രസിഡന്റ് റസാഖ് വാളക്കുളം അധ്യക്ഷത വഹിച്ചു . ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ മുസ്തഫ ആറ്റൂര്‍,മുഹമ്മദലി എടക്കര എന്നിവരും സംബന്ധിച്ചു. ഹംസ മൗലവി കാവനൂര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it