Cricket

ഐ പി എല്‍; ഡല്‍ഹി ക്യാപിറ്റല്‍സ്-മുംബൈ ഇന്ത്യന്‍സ് ഫൈനല്‍

ഡല്‍ഹിക്കായി നാല് വിക്കറ്റ് നേടി റബാദെയും മൂന്ന് വിക്കറ്റ് നേടി സ്റ്റോണിസും കളം വാണു.

ഐ പി എല്‍; ഡല്‍ഹി ക്യാപിറ്റല്‍സ്-മുംബൈ ഇന്ത്യന്‍സ് ഫൈനല്‍
X




അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് നടന്ന ക്വാളിഫയര്‍ രണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി കലാശകൊട്ടിന് ടിക്കറ്റെടുത്തത്. പ്ലേ ഓഫിലെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈയോട് തോറ്റ ഡല്‍ഹി ഇന്ന് 17 റണ്‍സിന്റെ ജയമാണ് നേടിയത്. ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന ഹൈദരാബാദ് 172 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. കാനെ വില്ല്യംസണ്‍ 67 റണ്‍സെടുത്ത് ഒറ്റയാനായി പൊരുതിയെങ്കിലും അവസാന നിമിഷം ഹൈദരാബാദ് ജയം കൈവിടുകയായിരുന്നു. 14ാം ഓവര്‍ മുതല്‍ ഹൈദരാബാദ് ക്യാപില്‍ വിജയപ്രതീക്ഷയായിരുന്നു. വില്ല്യംസണിലായിരുന്നു അവരുടെ പ്രതീക്ഷ. ഡല്‍ഹി ബൗളര്‍മാരെ വില്ല്യംസണ്‍ തലങ്ങും വിലങ്ങും പ്രഹരിച്ചു. എന്നാല്‍ സ്റ്റോണിസിന്റെ പന്തില്‍ താരം പുറത്തായതോടെ അവര്‍ ജയം കൈവിട്ടിരുന്നു. 45 പന്തില്‍ നിന്നാണ് വില്ല്യംസണ്‍ 67 റണ്‍സെടുത്തത്. 33 റണ്‍സുമായി അബ്ദുല്‍ സമദ് പൊരുതിയിരുന്നു. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ഡല്‍ഹിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹിക്കായി നാല് വിക്കറ്റ് നേടി റബാദെയും മൂന്ന് വിക്കറ്റ് നേടി സ്റ്റോണിസും കളം വാണപ്പോള്‍ ഹൈദരാബാദ് തോല്‍വി അടിയറവയ്ക്കുകയായിരുന്നു. ഹൈദരാബാദിനായി പാണ്ഡെ 21 ഉം ഗാര്‍ഗ് 17 ഉം റണ്‍സെടുത്തു.


ടോസ് ലഭിച്ച ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ വാലു പിടിച്ചാണ് ഡല്‍ഹി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. തുടക്കം മുതലേ ഡല്‍ഹി ആഞ്ഞടിച്ചിരുന്നു. 50 പന്ത് നേരിട്ട ധവാന്‍ 78 റണ്‍സ് നേടി. സ്റ്റോണിസ് 38 ഉം ഹെറ്റ്‌മെയര്‍ 42 ഉം റണ്‍സ് നേടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 21 ഉം റണ്‍സ് സ്വന്തമാക്കി. നിശ്ചിത ഓവറില്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 189 റണ്‍സെടുത്തത്. മികച്ച ബൗളിങ് പിന്‍ബലമുള്ള ഹൈദരാബാദിന് ഇന്ന് ഫോം കണ്ടെത്താനായില്ല. സന്ദീപ് ശര്‍മ്മ, ഹോള്‍ഡര്‍, റാഷിദ് എന്നിവരാണ് ഹൈദരാബാദിനായി ഓരോ വിക്കറ്റ് നേടിയത്. നവംബര്‍ 10നാണ് ഫൈനല്‍. പോയിന്റ് നിലയില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഫിനിഷ് ചെയ്തവരാണ് ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. ഡല്‍ഹിയുടെ ആദ്യ ഐ പി എല്‍ ഫൈനലാണ്.






Next Story

RELATED STORIES

Share it