Cricket

കേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിന് എട്ടുവിക്കറ്റ് ജയം; 33 പന്തില്‍ സെഞ്ചുറിയുമായി വിഷ്ണു വിനോദ്

വിഷ്ണുവാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

കേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിന് എട്ടുവിക്കറ്റ് ജയം; 33 പന്തില്‍ സെഞ്ചുറിയുമായി വിഷ്ണു വിനോദ്
X

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരേ തൃശൂര്‍ ടൈറ്റന്‍സിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. വിഷ്ണു വിനോദ് നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് തൃശൂരിന്റെ വിജയത്തിന് ആധാരം. ആലപ്പി മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറില്‍ മറികടന്നാണ് തൃശൂര്‍ ജയം സ്വന്തമാക്കിത്. 45 പന്തില്‍നിന്ന് 17 സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ തൃശൂരിന്റെ ഓപ്പണര്‍ വിഷ്ണു വിനോദ് അടിച്ചുകൂട്ടിയത് 139 റണ്‍സാണ്. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ അതിവേഗ സെഞ്ചുറി നേട്ടത്തിനും വിഷ്ണുവിനോദ് അര്‍ഹനായി. 33 പന്തില്‍നിന്ന് 12 സിക്‌സും നാലു ഫോറും ഉള്‍പ്പെടെയാണ് സെഞ്ചുറി സ്വന്തമാക്കിയത്. വിഷ്ണുവാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സിന് ഓപ്പണര്‍മാരായ വിഷ്ണു വിനോദും അഹമ്മദ് ഇമ്രാനും സ്വപ്നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. എട്ട് ഓവറില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യത്തെ പിരിക്കാന്‍ കഴിഞ്ഞത്. 10 ഓവര്‍ പിന്നിട്ടപ്പോള്‍ തൃശൂര്‍ സ്‌കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 137 എന്ന നിലയില്‍. പിന്നീട് മൂന്ന് ഓവറിനുള്ളില്‍ തൃശൂര്‍ വിജയം സ്വന്തമാക്കി.അക്ഷയ് മനോഹര്‍(16), അഭിഷേക് പ്രതാപ് (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.

ടോസ് നേടിയ തൃശൂര്‍ ആലപ്പിയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില് 181 റണ്‍സ് നേടി. മുഹമ്മദ് അസ്ഹറുദ്ദീന്‍-കൃഷ്ണപ്രസാദ് കൂട്ടുകെട്ട് 14 ഓവറില്‍ 123 റണ്‍സ് ആലപ്പിയുടെ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ആലപ്പി സ്‌കോര്‍ 17.1 ഓവറില്‍ 150-ല്‍ നില്‌ക്കെ ക്യാപ്റ്റന്‍ അസ്ഹറുദീനെ നഷ്ടമായി. 53 പന്തില്‍നിന്ന് ആറുസിക്‌സറുകളും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 90 റണ്‍സെടുത്ത അസ്ഹറുദ്ദീനെ മോനു കൃഷ്ണയുടെ പന്തില്‍ വരുണ്‍ നായനാര്‍ പിടിച്ച് ഡ്രസിംഗ് റൂമിലേക്ക് അയച്ചു. നീല്‍ സണ്ണി (പൂജ്യം), അതുല്‍ ഡയമണ്ട് (20), അക്ഷയ് ചന്ദ്രന്‍ (ഒന്ന്) എന്നിവര്‍ വേഗത്തില്‍ പുറത്തായപ്പോള്‍ നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍ ആലപ്പിയുടെ ഇന്നിംഗ്‌സ് അവസാനിച്ചു.

ആദ്യ മല്‍സരത്തില്‍ പോയിന്റ് നിലയില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ മൂന്ന് വിക്കറ്റിനു മറികടന്ന് ഏരീസ് കൊല്ലം സെയിലേഴ്‌സ്. അവസാന ഓവറിലേക്കു നീണ്ട മല്‍സരത്തില്‍ ഒരു ബോള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കൊല്ലത്തിന്റെ വിജയം.173 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൊല്ലത്തിനു കാലിക്കറ്റ് നല്‍കിയത്. സച്ചിന്‍ ബേബിയുടെ ടീം 19.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.







Next Story

RELATED STORIES

Share it