Feature

വിവാദങ്ങളുടെ കൂട്ടുകാരന്‍; അവസാനിപ്പിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് കരിയര്‍; ലക്ഷ്യം മറ്റ് ലീഗുകള്‍

ഏറെ വേദനയോടെയാണ് തീരുമാനം ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.

വിവാദങ്ങളുടെ കൂട്ടുകാരന്‍; അവസാനിപ്പിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് കരിയര്‍; ലക്ഷ്യം മറ്റ് ലീഗുകള്‍
X


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ എസ് ശ്രീശാന്ത് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് അല്‍പ്പം മുമ്പാണ്.2013ലെ ഐപിഎല്‍ വാതുവയ്പ്പ് ആരോപണത്തെ തുടര്‍ന്ന് ലഭിച്ച വിലക്ക് അവസാനിച്ച് നിരപരാധിയെന്ന് തെളിയിച്ചാണ് ശ്രീശാന്ത് 2020ല്‍ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഏറെ വൈകാതെ ഇന്ത്യന്‍ ടീമിലെത്തുമെന്നും താരം അന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിവാദതാരത്തെ ബിസിസിഐ തഴയുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചുവന്നെങ്കിലും താരസമ്പന്നമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കയറാന്‍ ശ്രീക്ക് ആയിരുന്നില്ല. കഴിവുള്ള പ്രതിഭകളാല്‍ സമ്പന്നമായ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചവരാന്‍ മാത്രമുള്ള പ്രകടനവും ഈ മലയാളി താരത്തില്‍ നിന്നുണ്ടായില്ല.


അടുത്തിടെ ആരംഭിച്ച രഞ്ജി ട്രോഫിയിലേക്ക് കേരളാ ടീം പരിഗണിച്ചിരുന്നു. ആദ്യ മല്‍സരത്തില്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു. എന്നാല്‍ പരിക്ക് വില്ലനായി. പിന്നീടുള്ള മല്‍സരങ്ങളില്‍ നിന്നും ഒഴിവായി. പരിക്കില്‍ നിന്ന് മോചിതനാവാന്‍ ദീര്‍ഘകാലം എടുക്കുമെന്നും റിപ്പോര്‍ട്ട് വന്നു. ഇതോടെയാണ് ഒരുകാലത്തെ ഇന്ത്യന്‍ ടീമിലെ മലയാളി മുഖത്തിന്റെ കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം വന്നത്.


2020ന് ശേഷമുള്ള ഐപിഎല്ലുകളില്‍ കളിക്കാനായി ശ്രീശാന്ത് രജിസ്ട്രര്‍ ചെയ്‌തെങ്കിലും താരത്തെ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയില്ല. ഇക്കഴിഞ്ഞ ഐപിഎല്ലിലും ശ്രീയെ തഴഞ്ഞിരുന്നു.ഐപിഎല്ലില്‍ നിന്നും ടീമില്‍ നിന്നും തഴഞ്ഞ ശ്രീ പുതിയൊരു ഇടം തേടിയാണ് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.


ഏറെ വേദനയോടെയാണ് തീരുമാനം ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ തന്നെ ക്രിക്കറ്റ് കരിയറുമായി മുന്നോട്ട് പോവാനായിരുന്നു നേരത്തെ താരത്തിന്റെ തീരുമാനം. എന്നാല്‍ വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. വിരമിക്കല്‍ തീരുമാനം ഇതിന് മുന്നോടിയാണെന്നാണ് റിപ്പോര്‍ട്ട്.


2005ലാണ് കേരളാ ക്രിക്കറ്റിന് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പുതിയ മുഖം നല്‍കി കൊണ്ട് ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ചലഞ്ചര്‍ ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരേ ആയിരുന്നു അരങ്ങേറ്റം. 2007ലെ പ്രഥമ ട്വന്റി-20 ജേതാക്കളായി ധോണി നയിച്ച ഇന്ത്യ മാറിയപ്പോള്‍ ശ്രീശാന്തിന്റെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു. ഫൈനലില്‍ പാകിസ്താന്റെ മിസ്ബാ ഉള്‍ ഹഖിന്റെ നിര്‍ണ്ണായക ക്യാച്ച് എടുത്ത് ടീമിന് ജയം നല്‍കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും ശ്രീ ആയിരുന്നു. 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും താരം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ല. 2020ലെ തിരിച്ച് വരവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിനായി കളിച്ചിരുന്നു.


മികച്ച ആക്ഷനും വേഗവും കൊണ്ട് എതിര്‍ ബാറ്റ്‌സ്മാനെ ഭയപ്പെടുത്താന്‍ ശ്രീക്ക് ആയിരുന്നു. എന്നാല്‍ റണ്‍സ് വഴങ്ങുന്നതിലെ ധാരളിത്തമാണ് താരത്തിന് പലപ്പോഴും തിരിച്ചടി ആയത്.

തന്റെ കരിയറിന് വിള്ളല്‍ വീഴ്ത്തിയത് വാതുവയ്പ്പ് കേസായിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് 2015ല്‍ താരത്തെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍ ബിസിസിഐയുടെ ഏഴ് വര്‍ഷത്തെ വിലക്ക് 2020ലാണ് അവസാനിച്ചത്. കരിയറിന്റെ നല്ല വര്‍ഷങ്ങള്‍ ശ്രീക്ക് നഷ്ടമാവുകയും ചെയ്തു. ഐപിഎല്‍ മല്‍സരത്തിനിടെ മുംബൈ താരം ഹര്‍ഭജന്‍ സിങിനെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് ഹര്‍ഭജന്‍ ശ്രീശാന്തിനെ അടിച്ചത് ഏറെ വിവാദമായിരുന്നു. ശ്രീയുടെ കരഞ്ഞമുഖവും മലയാളികള്‍ മറന്ന് കാണില്ല.ഇതിനിടെ ചില അന്യഭാഷ ചിത്രങ്ങളിലും താരം മുഖം കാണിച്ചിരുന്നു.




Next Story

RELATED STORIES

Share it