Special

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ പോര്‍ച്ചുഗലും ബ്രസീലും ഇന്നിറങ്ങും; നെയ്മര്‍ കളിക്കില്ല

 ഇന്ന് 6.30ന് ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മല്‍സരത്തില്‍ ദക്ഷിണകൊറിയ ഘാനയെ നേരിടും.

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ പോര്‍ച്ചുഗലും ബ്രസീലും ഇന്നിറങ്ങും; നെയ്മര്‍ കളിക്കില്ല
X



ലോകകപ്പില്‍ ഇന്ന് നടക്കുന്ന രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ക്കായി ബ്രസീലും പോര്‍ച്ചുഗലും ഇറങ്ങുന്നു. ഗ്രൂപ്പ് ജിയില്‍ രാത്രി 9.30നാണ് കാനറികള്‍ സ്വിറ്റ്സര്‍ലന്റിനെ നേരിടുന്നത്. ആദ്യ മല്‍സരത്തില്‍ റിച്ചാര്‍ലിസണ്‍ന്റെ ഇരട്ട ഗോള്‍ മികവില്‍ ബ്രസീല്‍ സെര്‍ബിയയെ പരാജയപ്പെടുത്തിയിരുന്നു. സ്വിസ് പടയെ വീഴ്ത്തി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് ടീറ്റെയുടെ ടീമിന്റെ ലക്ഷ്യം. സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് മഞ്ഞപ്പട ഇറങ്ങുന്നത്. നെയ്മറിന്റെ കുറവ് ടീമിനെ കാര്യമായി ബാധിക്കില്ല. സ്വിറ്റ്സര്‍ലന്റാവട്ടെ കാമറൂണിനെ ഒരു ഗോളിന് വീഴ്ത്തിയാണ് വരുന്നത്. സ്വിസിനും ലക്ഷ്യം ജയം തന്നെ.




ഇതേ ഗ്രൂപ്പില്‍ ഉച്ചയ്ക്ക് 3.30ന് നടക്കുന്ന മല്‍സരത്തില്‍ കാമറൂണ്‍ സെര്‍ബിയയെ നേരിടും. ഇരുവരും ആദ്യജയത്തിനായാണ് ഇറങ്ങുന്നത്.

ഇന്ന് അര്‍ദ്ധരാത്രി 12.30ന് ഗ്രൂപ്പ് എച്ചിലാണ് മറ്റൊരു പ്രധാന മല്‍സരം നടക്കുന്നത്. ഘാനയെ പരാജയപ്പെടുത്തി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പോര്‍ച്ചുഗല്‍ ഉറുഗ്വെയ്ക്കെതിരേയാണ് ഇറങ്ങുന്നത്. ആദ്യ മല്‍സരത്തില്‍ ഉറുഗ്വെയെ ദക്ഷിണകൊറിയ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. ആദ്യജയമാണ് ലൂയിസ് സുവാരസിന്റെ ടീമിന്റെ ലക്ഷ്യം. എന്നാല്‍ ഏഷ്യന്‍ ശക്തികളായ ദക്ഷിണകൊറിയക്കെതിരേ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയ ഡാര്‍വിന്‍ ന്യുനസ്, കവാനി എന്നിവരടങ്ങിയ നിര പോര്‍ച്ചുഗലിനെതിരേ എത്രമാത്രം തിരിച്ചുവരവ് നടത്തുമെന്ന് കണ്ടറിയാം.

പോര്‍ച്ചുഗലാവട്ടെ ഘാനയ്ക്കെതിരേ തുടക്കത്തില്‍ മുന്നിട്ട് നിന്നിട്ടും അവസാന നിമിഷങ്ങളില്‍ പാളിയിരുന്നു. 3-2നായിരുന്നു ഘാനയ്ക്കെതിരേയുള്ള ജയം. എന്നാല്‍ മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഘാന വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. സമനില വഴങ്ങുമോ എന്ന ആശങ്കയിലായിരുന്നു പറങ്കിപ്പട. ഒടുവില്‍ അവസാന വിസില്‍ വീണതോടെയാണ് റൊണാള്‍ഡോയും സംഘവും ആശ്വാസത്തിന്റെ ചിരി പുറത്ത് വിട്ടത്. കൊറിയ്ക്കെതിരേ തളര്‍ന്ന ലാറ്റിന്‍ അമേരിക്കന്‍ പ്രമുഖര്‍ പറങ്കിപ്പടയ്ക്കെതിരേ തിരിച്ചുവരവ് നടത്തിയാല്‍ റോണോയും സംഘവും പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനായി അവസാന മല്‍സരം വരെ കാത്തിരിക്കണം.



ഇന്ന് 6.30ന് ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മല്‍സരത്തില്‍ ദക്ഷിണകൊറിയ ഘാനയെ നേരിടും. ആദ്യ മല്‍സരത്തില്‍ ഉറുഗ്വെയോട് സമനില വഴങ്ങിയ കൊറിയ ഘാനയ്ക്കെതിരേ ജയിച്ച് പ്രീക്വാര്‍ട്ടര്‍ തന്നെയാണ് ലക്ഷ്യമിടുന്നത്.





Next Story

RELATED STORIES

Share it