Sub Lead

യൂറോയ്ക്ക് തുടക്കം; സ്‌കോട്ട്‌ലന്‍ഡിനെ അഞ്ച് ഗോളില്‍ മുക്കി ജര്‍മ്മനി

യൂറോയ്ക്ക് തുടക്കം; സ്‌കോട്ട്‌ലന്‍ഡിനെ അഞ്ച് ഗോളില്‍ മുക്കി ജര്‍മ്മനി
X

മ്യൂണിക്ക്: സ്‌കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് യൂറോകപ്പ് ഫുട്ബോളിന് ഗംഭീര തുടക്കമിട്ട് ജര്‍മനി. നാലാം കിരീടം ലക്ഷ്യമിട്ട് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയ ജര്‍മനി യുവതാരങ്ങളുടെ കരുത്തിലാണ് സ്‌കോട്ട്ലന്‍ഡിനെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം ജര്‍മനിയുടെ ആധിപത്യമായിരുന്നു. ഫ്ളാറിയന്‍ വിര്‍ട്സ് (10), ജമാല്‍ മുസിയാല (19),കെയ് ഹാവെര്‍ട്സ് (45+1) , നിക്ലാസ് ഫുള്‍ക്രുഗ് ((68),എംറെ കാന്‍ (90+3) എന്നിവരാണ് ജര്‍മിയുടെ സ്‌കോറര്‍മാര്‍. ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്ലന്‍ഡിന് ആശ്വാസിക്കാന്‍ വകയുണ്ടാക്കിയത്.

ആദ്യപകുതിയില്‍ തന്നെ ആതിഥേയര്‍ മൂന്ന് ഗോളിന്റെ ലീഡെടുത്തു. ആദ്യ 20 മിനിറ്റിനുള്ളില്‍ രണ്ടുഗോളുകള്‍ നേടി സമഗ്രാധിപത്യംസ്ഥാപിച്ച ജര്‍മനി പകുതിയുടെ അവസാനഘട്ടത്തില്‍ പെനാല്‍റ്റി കിക്കിലൂടെയും ലക്ഷ്യംകണ്ടു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്‌കോട്ടിഷ് സെന്റര്‍ ബാക്ക് റയാന്‍ പോര്‍ട്ടിയസ് ഇല്‍കെ ഗുണ്ടോഗനെ ഫൗള്‍ ചെയ്തതിനാണ് ജര്‍മനിക്ക് പെനാല്‍റ്റികിക്ക് ലഭിച്ചത്. വാറിലൂടെയാണ് റഫറി പെനാല്‍റ്റിയും റയാന്‍ പോര്‍ട്ടിയസിന് ചുവപ്പുകാര്‍ഡും നല്‍കിയത്.

തുടക്കംമുതലേ കളി നിയന്ത്രിച്ച ജര്‍മനി പത്താംമിനിറ്റിലാണ് ഫ്ളാറിയന്‍ വിര്‍ട്സിലൂടെ ടൂര്‍ണ്ണമെന്റിലെ ആദ്യ ഗോള്‍ നേടിയത്. 21-കാരനായ ഫ്ളാറിയന്‍ യൂറോകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജര്‍മന്‍താരം എന്ന നേട്ടത്തിനും അര്‍ഹനായി. 19-ാം മിനിറ്റില്‍ കൃത്യതയാര്‍ന്ന പാസുകള്‍ക്കൊടുവില്‍ ജമാല്‍ മുസിയാല ജര്‍മനിയുടെ രണ്ടാംഗോള്‍ നേടി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാല്‍റ്റി കിക്ക് കെയ് ഹാവെര്‍ട്സാണ് ഗോളാക്കി മാറ്റിയത്.

റയാന്‍ പോര്‍ട്ടിയസ് ചുവപ്പ് കാര്‍ഡ് പുറത്തായതോടെ രണ്ടാംപകുതിയില്‍ പത്ത് പേരുമായിട്ടാണ് സ്‌കോട്ട്ലന്‍ഡിന് പ്രതിരോധിച്ച് നില്‍ക്കേണ്ടിവന്നത്. എന്നാല്‍ കെയ് ഹാവെര്‍ട്സിന് പകരക്കാനായി എത്തിയ നിക്ലാസ് ഫുള്‍ക്രുഗ് കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം സ്‌കോട്ടിഷ് പ്രതിരോധം തകര്‍ത്ത് ജര്‍മനിയുടെ സ്‌കോര്‍ നാലാക്കി ഉയര്‍ത്തി. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് എംറെ കാന്‍ ജര്‍മന്‍ ഗോള്‍ പട്ടിക തികച്ചു.




Next Story

RELATED STORIES

Share it