Sports

ഇന്ത്യക്ക് ലോകകപ്പ്; അണ്ടര്‍ 19 വനിതാ ടി-20 ക്രിക്കറ്റില്‍ കിരീടം

ഇന്ത്യക്ക് ലോകകപ്പ്; അണ്ടര്‍ 19 വനിതാ ടി-20 ക്രിക്കറ്റില്‍ കിരീടം
X

ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ട്വന്റി-20 ലോക കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. 83 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അനായാസം ജയം സ്വന്തമാക്കി. 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഓള്‍റൗണ്ട് പ്രകടനം കാഴ്ച വെച്ച ഗോംഗഡി തൃഷയാണ് ഇന്ത്യയ്ക്ക് മിന്നും വിജയം സമ്മാനിച്ചത്. 4 ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ ഗോംഗഡി തൃഷ ബാറ്റിങ്ങില്‍ 33 പന്തില്‍ 44 റണ്‍സുമായി വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അണ്ടര്‍ 19 ട്വന്റി-20 ലോക കിരീടം ഇന്ത്യ സ്വന്തമാക്കുന്നത്.

ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ 82 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വൈഷ്ണവി ശര്‍മ, ആയുഷി ശുക്ല, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശബ്‌നം ഷകില്‍ എന്നിവര്‍ ഒരു വിക്കറ്റെടുത്തു.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 23 ഫണ്‍സെടുത്ത മികെ വാന്‍ വൂസ്റ്റാണ് ടോപ് സ്‌കോറര്‍. ഫയ് കൗളിങ് 15 റണ്‍സെടുത്തു. ജെമ്മ ബോത (16), കരാബോ മോസോ (10) എന്നിവരും രണ്ടക്കം കണ്ടു. മറ്റാരും തിളങ്ങിയില്ല. 4 താരങ്ങള്‍ പൂജ്യത്തില്‍ പുറത്തായി.

ടൂര്‍ണമെന്റിലുടനീളം മിന്നും ഫോം കാഴ്ചവെച്ച മലയാളി താരവും പേസ് ബൗളറുമായ വി.ജെ ജോഷിത കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ആറ് വിക്കറ്റ് നേടിയ വയനാട്ടുകാരി ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ വിന്‍ഡീസിനെതിരേ അഞ്ച് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തിരുന്നു.





Next Story

RELATED STORIES

Share it