Sub Lead

പാകിസ്താനിലേക്ക് അബദ്ധത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ച സംഭവം; മൂന്ന് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

പാകിസ്താനിലേക്ക് അബദ്ധത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ച സംഭവം; മൂന്ന് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
X

ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യം പാകിസ്താനിലേക്ക് ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ തൊടുത്തുവിട്ട സംഭവത്തില്‍ മൂന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. '2022 മാര്‍ച്ച് 9ന് ഒരു ബ്രഹ്മോസ് മിസൈല്‍ ആകസ്മികമായി തൊടുത്തുവിട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം കണ്ടെത്തുന്നതിനായി രൂപീകരിച്ച ഒരു കോര്‍ട്ട് ഓഫ് എന്‍ക്വയറി (കേണല്‍), മിസൈല്‍ അബദ്ധത്തില്‍ പ്രയോഗിച്ചതിലൂടെ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് നടപടിക്രമങ്ങളില്‍ നിന്ന് (എസ്ഒപി) വ്യതിചലിച്ചതായി കണ്ടെത്തി- വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു.

ഈ മൂന്ന് ഉദ്യോഗസ്ഥരും സംഭവത്തിന് പ്രാഥമികമായി ഉത്തരവാദികളാണ്. അവരുടെ സേവനങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്തി. ആഗസ്ത് 23 ന് ഉദ്യോഗസ്ഥര്‍ക്ക് പിരിച്ചുവിടല്‍ ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്,- പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലെ ഒരു പ്രദേശത്തേക്ക് മിസൈല്‍ അബദ്ധത്തില്‍ തൊടുത്തുവിട്ടിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും സാങ്കേതിക തകരാറെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

മിസൈല്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ 100 കിലോമീറ്റര്‍ പരിധിയില്‍, 40,000 അടി ഉയരത്തിലും ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലും പറന്നിരുന്നുവെന്നും മിസൈലില്‍ പോര്‍മുന ഇല്ലാതിരുന്നതിനാല്‍ അത് പൊട്ടിത്തെറിച്ചില്ലെന്നുമായിരുന്നു പാകിസ്താന്‍ വിശദീകരിച്ചത്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ഭാവിയില്‍ ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യണമെന്ന് പാകിസ്താന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it