Sub Lead

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ജൂലൈ 22നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ജൂലൈ 22നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 22 വരെ ഹൈക്കോടതി നീട്ടി. കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നാഴ്ചത്തേയ്ക്ക് കൂടി സമയം വേണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘവും അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചത്. അനുബന്ധ കുറ്റപത്രം തയ്യാറാക്കി അതിന്റെ പകര്‍പ്പുകളെടുക്കാന്‍ സമയം വേണം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിനെക്കുറിച്ചും മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ദിലീപിനെ അനുകൂലിച്ചുള്ള വെളിപ്പെടുത്തലും പരിശോധിക്കാന്‍ ആവശ്യമായ സമയം വേണമെന്നാണ് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ 15ാം തിയ്യതിയായിരുന്നു തുടരന്വേഷണത്തിനുള്ള സമയം അവസാനിച്ചത്. ഈ സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് മൂന്നാഴ്ച കൂടി ആവശ്യപ്പെട്ടത്. എന്നാല്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു കേസില്‍ തുടരന്വേഷണം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി യാതൊരു ബന്ധവുമില്ല. അതിനാല്‍, 22നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി.

125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും 80 ഓളം പേരെയാണ് കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ 2017 നവംബര്‍ മാസത്തില്‍ ദിലീപിന്റെ പക്കലെത്തിയെന്ന് തന്നെയാണ് കുറ്റപത്രത്തിലുളളത്. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാകണമെന്ന നടിയുടെ ആവശ്യം ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിരാകരിച്ചു. അദ്ദേഹം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരിക്കെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതാണ് ഇതിന് കാരണം.

Next Story

RELATED STORIES

Share it