Sub Lead

വിശുദ്ധ കഅ്ബയെ പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങ് ഇന്ന്

ഇതിനു മുന്നോടിയായി ഹറംകാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, മെയിന്റനന്‍സ് വിഭാഗം കഴിഞ്ഞ ദിവസം കഅ്ബാലയത്തിന്റെ ചുമരുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും കിസ്‌വ ബന്ധിക്കാനുള്ള സ്വര്‍ണ വളയങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുകയും വീണ്ടും സ്വര്‍ണം പൂശി മിനിക്കുകയും ചെയ്തിട്ടുണ്ട്.

വിശുദ്ധ കഅ്ബയെ പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങ് ഇന്ന്
X

മക്ക: പഴയ കിസ്‌വ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങ് ഇന്ന് (ശനി) നടക്കും. കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സില്‍ നിന്നുള്ള വിദഗ്ധര്‍ പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും.

ഇതിനു മുന്നോടിയായി ഹറംകാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, മെയിന്റനന്‍സ് വിഭാഗം കഴിഞ്ഞ ദിവസം കഅ്ബാലയത്തിന്റെ ചുമരുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും കിസ്‌വ ബന്ധിക്കാനുള്ള സ്വര്‍ണ വളയങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുകയും വീണ്ടും സ്വര്‍ണം പൂശി മിനിക്കുകയും ചെയ്തിട്ടുണ്ട്.

കിസ്‌വ ബന്ധിക്കുന്ന 54 സ്വര്‍ണ വളയങ്ങളാണ് വിശുദ്ധ കഅ്ബാലയത്തിലുള്ളത്. സ്വര്‍ണ വളയങ്ങള്‍ സ്ഥാപിച്ച കഅ്ബാലയത്തിന്റെ അടിഭാഗത്തെ ഇടഭിത്തിയിലെ മാര്‍ബിളുകള്‍ പരിശോധിച്ച് കേടുപാടുകളില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.

വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ ഈ മാസം പതിനൊന്നിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവര്‍ ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിക്ക് ഔപചാരികമായി കൈമാറിയിരുന്നു.

കഅ്ബാലയത്തെ അണിയിക്കുന്നതിനു മുന്നോടിയായാണ് പുതിയ കിസ്‌വ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവര്‍ക്ക് കൈമാറിയത്.

മുന്‍വര്‍ഷങ്ങളില്‍ ദുല്‍ഹജ് ഒന്നിന് കിസ്‌വ കൈമാറ്റച്ചടങ്ങ് നടത്തുകയും ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുകമായിരുന്നു പതിവ്. ഇത്തവണ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങ് മുഹറം ഒന്നിന് നടത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു.

ഹറംകാര്യ വകുപ്പിനു കീഴില്‍ ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സിലാണ് പ്രകൃതിദത്തമായ പട്ടുനൂല്‍ ഉപയോഗിച്ച് കിസ്‌വ നിര്‍മിക്കുന്നത്. 14 മീറ്റര്‍ ഉയരമുള്ള കിസ്‌വയുടെ മുകളില്‍ നിന്ന് മൂന്നിലൊന്ന് താഴ്ചയില്‍ 95 സെന്റിമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. 47 മീറ്റര്‍ നീളമുള്ള ബെല്‍റ്റ് ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങള്‍ അടങ്ങിയതാണ്. കിസ്‌വ നാലു കഷ്ണങ്ങള്‍ അടങ്ങിയതാണ്. ഇതില്‍ ഓരോ കഷ്ണവും കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. അഞ്ചാമത് ഒരു ഭാഗം കൂടിയുണ്ട്. ഇത് വിശുദ്ധ കഅ്ബാലയത്തിന്റെ കവാടത്തിനു മുകളില്‍ തൂക്കുന്ന കര്‍ട്ടന്‍ ആണ്. കിസ്‌വ നിര്‍മാണത്തില്‍ 200 ലേറെ ജീവനക്കാര്‍ പങ്കാളിത്തം വഹിക്കുന്നു. സ്വര്‍ണ, വെള്ളി നൂലുകള്‍ ഉപയോഗിച്ച് കാലിഗ്രഫി ചെയ്യുന്ന കിസ്‌വ നിര്‍മാണത്തിന് രണ്ടു കോടിയിലേറെ റിയാല്‍ ചെലവ് വരുന്നുണ്ട്.

Next Story

RELATED STORIES

Share it