Big stories

പുതിയ കൊവിഡ് വകഭേദം 'ഒമിക്രോണ്‍' അതീവ അപകടകാരി; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ അതീവ അപകടകാരി; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
X

ജനീവ: ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ കൊവിഡ് വകഭേദം 'ഒമിക്രോണ്‍' അതീവ അപകടകാരിയാണെന്ന് മുന്നറിയിപ്പ്. അതിവേഗ ഘടനാമാറ്റവും തീവ്രവ്യാപനശേഷിയുമുള്ള ബി.1.1.529 എന്ന 'ഒമിക്രോണ്‍' ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് ഗുരുതരമായ കണ്ടെത്തലുകള്‍ വന്നിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളില്‍നിന്ന് ഏറ്റവും അപകടകാരിയായ വൈറസാണെന്നാണ് മുന്നറിയിപ്പ്.

അന്താരാഷ്ട്രതലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് B11529 എന്ന പുതിയ വൈറസെന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. യഥാര്‍ഥ കൊറോണ വൈറസില്‍നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. വ്യാപനശേഷി കൂടുതലായതിനാല്‍ ഇത് ഡെല്‍റ്റയേക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്.

ബി.1.1.529 വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങള്‍ ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഇതില്‍ 30 എണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്. നിലവിലെ വാക്‌സിനുകളുടെയെല്ലാം ലക്ഷ്യം സ്‌പൈക്ക് പ്രോട്ടീനാണ്. ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. അതുകൊണ്ട് മുമ്പത്തെ വകഭേദത്തെക്കാള്‍ വ്യാപനശേഷിയുള്ളതാക്കാന്‍ ഇടയാക്കുമോ പുതിയ വകഭേദമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍. ഡെല്‍റ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ സംഭവിച്ച കെ.417എന്‍ എന്ന ജനിതകവ്യതിയാനമാണ്. ഇപ്പോള്‍ പുതുതായി രൂപപ്പെട്ട ബി.1.1.529 വകഭേദം അക്കൂട്ടത്തില്‍പ്പെട്ടതാണോയെന്ന് വ്യക്തമല്ല.

എയ്ഡ്‌സ് പോലെ പ്രതിരോധശേഷി കുറവുള്ള ഒരു രോഗിയിലുണ്ടായ കടുത്ത അണുബാധയില്‍നിന്നായിരിക്കാം ഈ വകഭേദം രൂപപ്പെട്ടതെന്ന് ലണ്ടന്‍ ആസ്ഥാനമായ യുസിഎല്‍ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ഹോംഗോങ്ങിലും യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപോര്‍ട്ട് ചെയ്തത്. ഈജിപ്തില്‍നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ദക്ഷിണാഫ്രിക്കയില്‍നിന്നുള്ളവരിലാണ് ഇതുകണ്ടെത്തിയത്.

ഹോട്ടലുകളില്‍ വ്യത്യസ്തമുറികളില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. അതിനാല്‍ത്തന്നെ രോഗാണുവ്യാപനം വായുവിലൂടെയാവാനാണ് സാധ്യതയെന്നും സംശയിക്കുന്നു. ഒമിക്രോണ്‍ ഭീതിയുയര്‍ത്തിയതോടെ ലോകരാജ്യങ്ങള്‍ അതിര്‍ത്തികളടച്ചു. അമേരിക്ക, യുകെ, ജപ്പാന്‍, സിംഗപ്പൂര്‍, യുഎഇ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാബ്‌വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയനും യുഎസ്, ബ്രിട്ടന്‍, സിംഗപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, കാനഡ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി.

ഈ രാജ്യങ്ങളെയും മൊസാംബിക്കിനെയും സിംഗപ്പൂര്‍, ഇറ്റലി, ഇസ്രായേല്‍ രാജ്യങ്ങള്‍ സഞ്ചാരവിലക്കിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. 12 മണിക്കൂറിലേറെ ഈ രാജ്യങ്ങളില്‍ തങ്ങുന്നവര്‍ രാജ്യത്തെത്തിച്ചേരുന്നത് ചെക്ക് റിപബ്ലിക്കും വിലക്കി. വാക്‌സിനേഷന്‍ എല്ലാ രാജ്യങ്ങളും വേഗത്തിലാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയും പ്രത്യേക മുന്‍കരുതലെടുത്തു. വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്ത് ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

Next Story

RELATED STORIES

Share it