Sub Lead

കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം: കുടുംബ കോടതികളില്‍ വിശദ പരിശോധന വേണ്ടെന്ന് ഹൈകോടതി

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പകത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് മുസ്‌ലിം വിവാഹ മോചനം സംബന്ധിച്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്

കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം: കുടുംബ കോടതികളില്‍ വിശദ പരിശോധന വേണ്ടെന്ന് ഹൈകോടതി
X

കൊച്ചി: മത നിയമം അനുശാസിക്കുന്ന പ്രകാരം കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം സംബന്ധിച്ച് കുടുംബ കോടതികളില്‍ വിശദ പരിശോധന നടത്തേണ്ടതില്ലെന്ന് ഹൈകോടതി. ത്വലാഖ്, ഖുല്‍അ്, ത്വലാഖ് ഇ തഫ്വീസ്, മുബാറത്ത് തുടങ്ങിയ വിവാഹ മോചനങ്ങള്‍ കുടുംബ കോടതികള്‍ അംഗീകരിക്കണമെന്നും പ്രഥമദൃഷ്ട്യ വിവാഹ മോചനത്തിന് സാധുതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അനാവശ്യമായി കൂടുതല്‍ അന്വേഷണം നടത്താതെ തന്നെ കുടുംബ കോടതികള്‍ വിവാഹ മോചനം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പകത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് മുസ്‌ലിം വിവാഹ മോചനം സംബന്ധിച്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കുടുംബ കോടതി ഉത്തരവില്‍ എതിര്‍പ്പുള്ള കക്ഷിക്ക് ഉചിതമായ വേദിയെ സമീപിക്കാമെന്നും ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കുടുംബ കോടതികള്‍ക്ക് ബാധകമാക്കി ചില മാര്‍ഗ നിര്‍ദേശങ്ങളും ഡിവിഷന്‍ബെഞ്ച് പുറപ്പെടുവിച്ചു. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിനിയായ യുവതി നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് വിധി. ത്വലാക്ക് ചൊല്ലി വിവാഹ മോചനം നേടിയ ഭര്‍ത്താവിന്റെ നടപടി തന്റെ വാദം കേള്‍ക്കാതെ ശരിവെച്ച കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി ഹരജി നല്‍കിയത്. മുസ്‌ലിം വ്യക്തി നിയമ പ്രകാരം 2019 ഡിസംബര്‍ 28നാണ് യുവതിയെ ഭര്‍ത്താവ് മൂന്നാമത്തെ ത്വലാഖ് ചൊല്ലിയത്. ഇക്കാര്യം രജിസ്‌റ്റേര്‍ഡ് തപാലില്‍ ഹരജിക്കാരിയെ അറിയിച്ചു. എന്നാല്‍, ത്വലാഖിന്റെ നിയമ സാധുത ചോദ്യം ചെയ്ത് യുവതി ആദ്യം മൂവാറ്റുപുഴ കുടുംബ കോടതിയെയും പിന്നീട് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു. വ്യക്തി നിയമ പ്രകാരം കക്ഷികളില്‍ ഒരാള്‍ക്ക് ഖുല്‍അ്, ത്വലാഖ് തുടങ്ങിയ രീതികളിലൂടെ വിവാഹ മോചനം സാധ്യമാണ്. ജൂഡീഷ്യറിക്ക് പുറത്തുള്ള വിവാഹ മോചന നടപടിക്ക് സാധുതയുണ്ടോ, ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മാത്രം കോടതി അന്വേഷിച്ചാല്‍ മതി. സ്ത്രീധനം മടക്കി ആവശ്യപ്പെടുന്ന കേസുകളില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കണം. പ്രധാന വിസ്താരം, ക്രോസ് വിസ്താരം തുടങ്ങിയവയൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. ത്വലാഖിന് അല്ലെങ്കില്‍ സമാന വിവാഹ മോചന മാര്‍ഗങ്ങള്‍ക്ക് സാധുതയുണ്ടെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ അത് പ്രഖ്യാപിക്കണം. ധാരണ പത്രം രണ്ട് കക്ഷികളും സാക്ഷ്യപ്പെടുത്തിയാണ് വിവാഹ മോചനം നടപ്പാക്കിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ മുബാറത്തിന്റെ കാര്യത്തിലും ഇത് മതിയാവും. കുടുംബ കോടതിയുടെ ഉത്തരവ് അംദീകരിക്കാനാവുന്നില്ലെങ്കില്‍ കക്ഷിക്ക് ഉചിതമായ വേദിയെ സമീപിച്ച് പരിഹാരം കാണാം. ഇത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവ് കുടുംബ കോടതികള്‍ക്ക് കൈമാറാന്‍ ഡിവിഷന്‍ബെഞ്ച് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it