Sub Lead

ബാങ്ക് കൊള്ളയ്ക്ക് ശേഷം കടം വീട്ടി റിജോ; മദ്യവും വാങ്ങി

ബാങ്ക് കൊള്ളയ്ക്ക് ശേഷം കടം വീട്ടി റിജോ; മദ്യവും വാങ്ങി
X

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്ക് ശാഖ കൊള്ളയടിച്ച റിജോ ആന്റണി നാട്ടില്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലിസ്. അതിനാല്‍, തന്നെ കഴിഞ്ഞ ദിവസം ധാരാളം പണം റിജോ ചെലവാക്കിയത് ആരും പ്രത്യേകമായി ശ്രദ്ധിച്ചില്ല. ബാങ്ക് കൊള്ളയെ കുറിച്ച് നാട്ടില്‍ നടന്ന ചര്‍ച്ചകളിലും റിജോ സജീവമായി പങ്കെടുത്തു. ''അവന്‍ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാവും'' എന്നാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ നടന്ന കുടുംബയോഗത്തില്‍ ബാങ്ക് കൊള്ളയിലെ പ്രതിയെ കുറിച്ച് റിജോ പറഞ്ഞത്. പ്രതിക്കു വേണ്ടി പോലിസ് നാടാകെ പരക്കം പായുമ്പോള്‍ അതിന്റെ വാര്‍ത്തകള്‍ മൊബൈലില്‍ കണ്ടിരിക്കുകയായിരുന്നു റിജോ.

റിജോ ഏഴു വര്‍ഷം ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയശേഷം സാമ്പത്തിക ബാധ്യതകളുണ്ടായി. അത് തീര്‍ക്കാനാണ് മോഷ്ടിച്ചതെന്നാണ് റിജോ പറഞ്ഞതെങ്കിലും പോലിസ് അത് പൂര്‍ണമായി വിശ്വസിക്കുന്നില്ല. ഫെഡറല്‍ ബാങ്കിന്റെ മറ്റൊരു ശാഖയില്‍ റിജോയ്ക്ക് അക്കൗണ്ടുണ്ടായിരുന്നു. അതിനാല്‍, ഫെഡറല്‍ ബാങ്ക് ശാഖയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളേക്കുറിച്ച് പ്രത്യേകിച്ച് ഭക്ഷണ ഇടവേളയേക്കുറിച്ച് റിജോ കൃത്യമായി മനസിലാക്കിയിരുന്നു. രണ്ടുമുതല്‍ രണ്ടര വരെ ബാങ്കില്‍ ആരുമുണ്ടാവില്ലെന്ന് ഇയാള്‍ക്കറിയാമായിരുന്നു. മോഷണം നടത്തിയ ശേഷം സഞ്ചാര പാത മാറ്റിക്കൊണ്ടാണ് പോയത്. പോലിസ് പരിശോധനയുണ്ടാവുമെന്ന് മനസിലാക്കിയതോടെ ഇടറോഡുകളും രക്ഷപ്പെടാനായി ഉപയോഗിച്ചു.

പോകുന്ന വഴിയില്‍ സിസിടിവി ക്യാമറ ഇല്ലാത്ത ഒരിടത്തുവെച്ചാണ് മോഷണസമയത്ത് ധരിച്ച വസ്ത്രം മാറിയത്. മൂന്നാമത്തെ ഡ്രസാണ് റിജോ ധരിച്ചത്. വ്യാജനമ്പറുള്ള എന്‍ടോര്‍ക്ക് സ്‌കൂട്ടറിലാണ് പ്രതി സഞ്ചരിച്ചത്. ബാങ്കില്‍നിന്നിറങ്ങി അല്പദൂരം പോയശേഷം പോലിസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ സ്‌കൂട്ടറില്‍ റിയര്‍വ്യൂ മിറര്‍ ഘടിപ്പിച്ചു. സ്‌കൂട്ടറിനേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു നമ്പറില്‍ എന്‍ടോര്‍ക്ക് ഇല്ലെന്ന് മനസിലായി. വസ്ത്രം മാറിയെങ്കിലും ഷൂസിന്റെ അടിയിലുള്ള ഒരുതരം കളര്‍ പോലിസ് ശ്രദ്ധിച്ചിരുന്നു. ആ കളറാണ് വഴിത്തിരിവായത്.

നല്ലപോലെ മദ്യപിക്കുന്നയാളാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച പണത്തില്‍നിന്ന് കുറച്ചെടുത്ത് മദ്യം വാങ്ങിയെന്നും റിജോ പറയുന്നുണ്ട്. 49 ലക്ഷം രൂപ കടമുണ്ടെന്നാണ് പറയുന്നത്. മോഷണ മുതലില്‍നിന്ന് 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടി. പക്ഷേ, അറസ്റ്റ് വാര്‍ത്ത അറിഞ്ഞതോടെ പണം കിട്ടിയയാള്‍ പണം ഡിവൈഎസ്പി ഓഫിസിലെത്തി കൈമാറി.

Next Story

RELATED STORIES

Share it