Sub Lead

ബിലാല്‍ അങ്ങെന്റെ ചുമലിലൂടെ ഈ കഅബ ഗേഹത്തിന് മുകളില്‍ ചവിട്ടിക്കയറി ബാങ്കൊലി മുഴക്കൂ!!!

ബിലാല്‍ അങ്ങെന്റെ ചുമലിലൂടെ ഈ കഅബ ഗേഹത്തിന് മുകളില്‍ ചവിട്ടിക്കയറി ബാങ്കൊലി മുഴക്കൂ!!!
X

-ഷുക്കൂര്‍ ഉഗ്രപുരം

മക്കാവിജയത്തിനു ശേഷം അവിടെ കൂടിയിരുന്ന വലിയ ജന സമൂഹത്തെ സാക്ഷി നിര്‍ത്തിക്കൊണ്ട് പ്രവാചകന്‍ കറുത്ത നീഗ്രോ അടിമ വംശജനായ ബിലാലിനെ അടുത്തേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു, ബിലാല്‍ അങ്ങന്റെ ചുമലിലൂടെ ഈ ഗേഹത്തിന് മുകളില്‍ ചവിട്ടിക്കയറി ബാങ്കൊലി മുഴക്കൂ! മക്ക ഭരണാധികാരിയും അറേബ്യയിലെ ഏറ്റവും ഉയര്‍ന്ന ഗോത്രക്കാരനും ഖുറൈശി വിഭാഗത്തില്‍പെട്ട വെളുത്ത സവര്‍ണ അതുല്ല്യ സുമുഖനായ പ്രവാചകന്‍ തന്റെചുമലില്‍ ചവിട്ടിക്കയറാന്‍ ഒരു കറുത്ത ആഫ്രിക്കന്‍ നീഗ്രോ അടിമയായ ബിലാലിനെ കൊണ്ടാജ്ഞാപിച്ചത് വെറുതെയായിരുന്നില്ല. കുടുംബ ഗോത്ര കുല മഹിമയാല്‍ രൂഢമൂലമായ സാമൂഹിക വ്യവസ്ഥ വിശ്വാസങ്ങളെ അന്നത്തോടെ ചവിട്ടിയരച്ച് ഉന്‍മൂലനം ചെയ്യാന്‍ വേണ്ടി കൂടിയായിരുന്നു!.

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അറേബ്യന്‍ ആത്മീയ പ്രോജ്ജ്വല പ്രൗഢിയുടെ ഗേഹമായ കഅബക്ക് മുകളില്‍ തന്നെ ഒരു കറുത്ത അനറബി അടിമ വിഭാഗത്തില്‍ പെട്ടവനെ കയറ്റി നിര്‍ത്തി വിശുദ്ധ ബാങ്കൊലി മുഴക്കാന്‍ ആജ്ഞാപിച്ചത് അത് വരേയുള്ള വര്‍ഗ്ഗ വര്‍ണ്ണ ഗോത്ര കുല മഹിമകളില്‍ അധിഷ്ടിതമായ സാമൂഹിക വ്യവസ്ഥിതികളുടെ അട്ടിമറിച്ചിടലായിരുന്നു. മാനവികത എന്ന മഹാകവിതക്ക് മനോഹര വരികള്‍ രചിക്കുന്ന ചെയ്തിയായിരുന്നു അത്. ഏത് കറുത്തവനും അനറബിക്കും എത്ര താഴ്ന്നവനാണെങ്കിലും അല്ലാഹുവിന്റെ ഗേഹത്തില്‍ എവിടെയും കയറാമെന്ന ഒരു വിളംബരം കൂടിയായിരുന്നു അത്! യഥാര്‍ത്ഥത്തില്‍ ഗോത്ര മഹിമക്കും, വര്‍ണ്ണ വിവേചനത്തിനുമെതിരെയുള്ള ദൃശ്യമായ പ്രവാചകന്റെ താക്കീത് കൂടിയായിരുന്നു അത്. 1450 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഇരുളടഞ്ഞ സമൂഹത്തിന് മുന്‍പിലായിരുന്നു ഇതെന്നത് ഏറെ ചിന്തനീയമാണ്!!

ഇന്ന് ആഗോള സമൂഹം അഭിമുകീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മാനവ വൈവിദ്യത്തിന്റെ പേരിലുള്ള വിഭാഗീയതകളാണ്. കറുത്തവനും വെളുത്തവനും, ഉയര്‍ന്ന ഗോത്രവും താഴ്ന്ന ഗോത്രവും, ഉയര്‍ന്ന ജാതിയെന്നും താഴ്ന്നജാതിയെന്നുമുള്ള വിഭജനങ്ങളാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രവാചകാധ്യാപനം നോക്കൂ; മനുഷ്യനെ സര്‍വ്വേശ്വരന്‍ വ്യത്യസ്ഥ വര്‍ണ്ണങ്ങളിലും, രൂപങ്ങളിലും ഭാഷകളിലുമായി സൃഷ്ടിച്ചത് പരസ്പരം തിരിച്ചറിയപ്പെടാന്‍ വേണ്ടി മാത്രമാണ്! ഈ ചിന്ത ഉള്‍ക്കൊണ്ട ഒരു വ്യക്തിക്കും വര്‍ണ്ണവിവേചനവും, വര്‍ഗ്ഗ, ഭാഷ, ദേശ വിവേജനവുമൊന്നും നടത്താന്‍ സാധ്യമല്ല. പീഢനം സഹിക്കവയ്യാതെ മക്കയില്‍ നിന്നും മദീനയിലേക്ക് പ്രവാചകനും അനുയായികളും പലായനം ചെയ്തു, പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് സര്‍വ്വസന്നാഹങ്ങളോടെ പിറന്ന മണ്ണില്‍ ജീവിക്കാനുള്ള സ്വാതന്ത്ര സമരമാരംഭിച്ചു. ആയുധ ബലത്തിനപ്പുറം കൈയിലുണ്ടായിരുന്ന ആശയ / പ്രത്യയശാസ്ത്ര പിന്‍ബലം മക്ക ജയിച്ചടക്കാന്‍ പ്രവാചക സൈന്യത്തെ സഹായിച്ചു എന്ന് ചരിത്ര അവലോകനങ്ങളിലൂടെ ഗ്രഹിക്കാന്‍ സാധിക്കും.

ഇന്നത്തെ ഉത്തരാധുനികതയുടെ കപട വേഷം ധരിച്ച് മനസ്സില്‍ മുഴുവന്‍ ഇരുണ്ട യുഗത്തിന്‍ വിഭാഗീയത കൊണ്ടുനടക്കുന്നവര്‍ക്ക് പ്രവാചകന്റെ ചരിത്രത്തില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ ഒത്തിരി പാഠങ്ങളുണ്ട്. ഇന്നും കറുത്ത വര്‍ഗക്കാര്‍ അല്ലങ്കില്‍ അവര്‍ണ്ണര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്ന അവഗണന കടുത്തതാണ്. പ്രവാചകന്‍ പറഞ്ഞു വെളുത്തവന് കറുത്തവനേക്കാളോ നേരെമറിച്ചോ,അറബിക് അനറബിയെക്കാളോ നേരെ മറിച്ചോ യാതൊരു പ്രാധാന്യവുമില്ല! കൂടുതല്‍ ദൈവഭക്തി ആര്‍ക്കാണോ ഉള്ളത് അവര്‍ക്കാണ് സര്‍വ്വേശ്വരന്റെ മുന്‍പില്‍ കൂടുതല്‍ സ്ഥാനമുള്ളത്!! മദ്യപിക്കരുത്, ലഹരി ഉപയോഗിക്കരുത്, ചൂതാട്ട മരുത്, അന്യന്റെ സ്വത്തപഹരിക്കരുത്, സമയ ബോധം സൂക്ഷിച്ച് കൊണ്ട് അഞ്ച് നേരം പ്രാര്‍ത്ഥിക്കണം, തന്റെ മാതാപിതാക്കളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യണം, ദാനധര്‍മ്മങ്ങള്‍ നല്‍കണം, മുതിര്‍ന്നവരെ ബഹുമാനിക്കണം, ചെറിയവരോട് കരുണ കാണിക്കണം തുടങ്ങീ ദൈവഭക്തിയുടെ മാര്‍ഗ്ഗങ്ങളായി പ്രവാചകന്‍ അവതരിപ്പിച്ച അധ്യാപനങ്ങളെല്ലാം ഒരുറച്ച സാമൂഹിക ക്രമം (Bold Social Order) സൃഷ്ടിച്ചെടുക്കാന്‍ കൂടി വേണ്ടിയായിരുന്നെന്ന് സാമൂഹിക ശാസ്ത്ര വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

അന്യ ഗോത്രക്കാരന്റെ ഒട്ടകം മറ്റൊരു ഗോത്രക്കാരന്റെ പറമ്പിലെ ഒരില ഭക്ഷിച്ചാല്‍ അതിന്റെ പേരില്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധം നടന്നു കൊണ്ടിരുന്ന ഒരു സമൂഹത്തെയാണ് പ്രവാചകന്‍ തന്റെ സാമൂഹികശാത്ര ചിന്ത ( Sociological Thought) യിലൂടെ മാറ്റിയെടുക്കാന്‍ പരിശ്രമിച്ചത്. തനിച്ചിരുന്ന് നിങ്ങള്‍ ഭക്ഷണം കഴിക്കരുത്, മറിച്ച് ഒന്നിലേറെ പേര്‍ ഒരേ തളികയില്‍ നിന്നും ഭുജിക്കണമെന്നും അതാണ് ഉന്നത സംസ്‌ക്കാരമെന്നും പഠിപ്പിച്ചു. അതിനാല്‍ തന്നെ കീഴാളനായ ഒരുത്തന്റെ കൂടെ ഒരേ പാത്രത്തില്‍ നിന്നും ഒരു ഉന്നത കുലജാതനായ രാജാവ് ഭക്ഷണം കഴിക്കുന്നതില്‍ പ്രവാചക ചിന്ത ഉള്‍ക്കൊണ്ട ഒരാള്‍ക്ക് അത്ഭുതമൊന്നും തോന്നില്ല! ( അത് കൊണ്ടാണ് തന്റെ മധ്യേഷ്യന്‍ യാത്രക്ക് ശേഷം ആനന്ദമഠത്തില്‍ സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ എഴുതിയത് തുര്‍ക്കിയിലെ രാജാവിന്റെ കൂടെ എത്ര താഴ്ന്ന വിഭാഗത്തില്‍ പെട്ട ആള്‍ക്കും ഒരേ തളികയില്‍ നിന്നും ഭക്ഷണം കഴിക്കാം. യാതൊരു വിധ തീണ്ടിക്കൂടായ്മയുമില്ല!)

അടിമ വ്യവസ്ഥ നിലനിന്ന് വരുന്ന ഒരു സമൂഹത്തോടാണ് പ്രവാചകന്‍ ഇങ്ങനെ കല്‍പിച്ചത് എന്നത് ഏറെ ആശ്ചര്യകരമാണ്.അഞ്ചു നേരവും പ്രാര്‍ത്ഥനക്കായുള്ള ബാങ്കൊലിയുടെ പൊരുളും അടിമത്ത്വത്തിനും വംശീയ വിവേചനത്തിനുമെതിരായുള്ള ഓര്‍മ്മപ്പെടുത്തലാണ്!

മദീനയിലൊരു ഭ്രാന്ത് ബാധിച്ച സ്വല്‍പ്പം പ്രായം ചെന്ന ഒരു സ്ത്രീയുണ്ടായിരുന്നു, അവര്‍ക്ക് ഭ്രാന്താണെന്ന കാരണത്താല്‍ തെരുവില്‍ വെച്ച് ആളുകള്‍ ആ സഹോദരിയെ പരിഹസിക്കാറും കളിയാക്കാറുമുണ്ടായിരുന്നു! ഒരിക്കല്‍ പ്രവാചകന്റെയടുത്ത് അവര്‍ വന്നപ്പോള്‍ പ്രവാചകന്‍ അവരെ വളരെയേറെ ബഹുമാനിച്ചുകൊണ്ട് പറഞ്ഞു , പ്രിയപ്പെട്ട മാതാവേ നിങ്ങള്‍ക്ക് എന്ത് സഹായം വേണമെങ്കിലും ഈ വിനീതനെ ഏത് സമയവും നിങ്ങള്‍ക്ക് വിളിക്കാം, ഈ മുഹമ്മദ് മദീനയുടെ ഏത് തെരുവിലുണ്ടെങ്കിലും നിങ്ങളുടെ അടുത്തേക്ക് ഓടിയെത്തും. ഒരു വലിയ നേതാവായ പ്രവാചകന്‍ ഇങ്ങനെ പരസ്യമായി ഇക്കാര്യം പ്രഖ്യാപിക്കുന്നതിലൂടെ സമൂഹത്തിന് നല്‍കിയ പാഠം നാം ഗ്രഹിക്കേണ്ടതുണ്ട്.

മനുഷ്യന്റെ ഒരേയൊരു യജമാനന്‍ സര്‍വ്വേശ്വരനാണ്; മനുഷ്യന്‍ സര്‍വ്വേശ്വരന്റെ മാത്രമടിമയും എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ബാങ്കൊലിയിലെവാചകം തന്നെ നോക്കൂ; സര്‍വ്വേശ്വരനാണ്‌സമുന്നതന്‍, അവന്‍മാത്രമാണ്‌സമുന്നതന്‍. ആരാധ്യനായവന്‍ മാത്രമേയുള്ളൂ... മസ്ജിദിന്റെ മിനാരങ്ങളിലൂടെ ബാങ്കൊലി ഒഴുകിയെത്തുമ്പോള്‍ അടിമത്വ ബോധത്തിനെതിരെയുള്ള ഒരു ഓര്‍മ്മപ്പെടുത്തലായ് അത് പരിണമിക്കും. പ്രവാചക തത്ത്വചിന്ത ഉള്‍ക്കൊള്ളുന്ന ആഗോള വിശ്വാസി സമൂഹം അഞ്ച് നേരവും പ്രാര്‍ത്ഥനക്കായ് തിരിഞ്ഞു നില്‍ക്കുന്ന വിശുദ്ധ ഖഅബയുടെ മുകളില്‍ കയറി ആദ്യമായ് അടിമത്ത്വത്തിനെതിരെയുള്ള മുദ്രാവാക്യമായ ബാങ്കൊലി ആദ്യം മുഴക്കിയത് പ്രവാച ചിന്ത ഉള്‍ക്കൊണ്ട ബിലാലെന്ന കറുത്ത നീഗ്രോ അടിമയാണെന്നത് അത്യത്ഭുതമാണ്. വര്‍ണ്ണ വ്യവസ്ഥക്കും വംശീയതക്കെതിരെയുമുള്ള എക്കാലത്തെയും വലിയ അടയാളമാണത്.

അടിമത്ത്വത്തിന് നേരെ ഉയര്‍ന്ന ഒരടിമയുടെ ആദ്യ ആത്മീയ വചനങ്ങള്‍ ബിലാലിന്റെ ബാങ്കൊലിയായിരിക്കാം! ലോകത്തിന്റെ എല്ലാ ദിക്കുകളില്‍ നിന്നും പ്രവാചകന്റെ അനുയായികള്‍ എല്ലാ ദിവസങ്ങളിലും എല്ലാ അഞ്ചു നേരങ്ങളിലും അടിമത്ത്വത്തിനും, വംശീയതക്കും, വര്‍ണ്ണവിവേചനത്തിനുമെതിരായ അവന്റെ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ആ നബി ചിന്തയുടെ ആനുകാലിക മൂല്ല്യത്തിന്റെ ആഴത്തെ കുറിച്ച് ആയിരം ഗ്രന്ധങ്ങളെഴുതിയാലും പൂര്‍ത്തീകരിക്കാനാവുന്നതല്ല അതിന്റെ വിശാലത!!

ഈജിപ്തിലെ സാമൂഹിക വ്യവസ്ഥിതി വളരെ ക്രൂരമായിരുന്നു. അവിടുത്തെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മുഴുവന്‍ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടതായിരുന്നു. ഒരിക്കല്‍ ഖലീഫ ഉമറിന്റെ സൈന്യം ഈജിപ്തുമായി യുദ്ധത്തിലേര്‍പ്പെട്ടു. തദ്ധേശീയരായ പല ഗോത്രക്കാരും സൈന്യത്തോടൊപ്പം ചേര്‍ന്നു. പോരാട്ടത്തിനു ശേഷം ഈജിപ്ത് കീഴടക്കിയപ്പോള്‍ രാജാവിന്റെ ഈന്തപ്പനത്തോട്ടത്തില്‍ കയറി പഴുത്ത് പാകമായ ഈത്തപ്പഴങ്ങള്‍ പറിച്ചെടുത്ത് അവിടുത്തെ അടിസ്ഥാന വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും കഴിക്കാന്‍ നല്‍കി; എന്നിട്ട് അവരോട് ഭക്ഷിക്കാന്‍ ആവശ്യപ്പെട്ടു അപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഏറെ അതിശയിപ്പിക്കുന്നതായിരുന്നു, പ്രഭോ ഈ ഈന്തപ്പഴം രാജാക്കന്മാര്‍ മാത്രം ഭക്ഷിക്കുന്നതാണ്, ഇത് ഞങ്ങള്‍ക്ക് ഭക്ഷിക്കാന്‍ അനുവദിക്കപ്പെട്ടതല്ല!! എന്നാല്‍ പ്രവാചക ചിന്തയുടെ മൂല്ല്യമുള്‍ക്കൊണ്ട സൈനികര്‍ അവരോടായി പറഞ്ഞു; നിങ്ങളത് കഴിച്ചു കൊള്ളുക. സര്‍വ്വേശ്വരന്‍ മാത്രമാണ് നിങ്ങളുടെ യജമാനന്‍. അവന്റെ മുമ്പില്‍ എല്ലാവരും സമന്‍മാരാണ്. അടിമത്ത്വ ബോധം രൂഢമൂലമായിരുന്ന ഒരു സമൂഹത്തില്‍ നിന്നും അതിനെ തുടച്ചു നീക്കുന്ന രീതി ശാസ്ത്രം എത്ര പ്രോജ്ജ്വലമാണ്. പ്രായോഗിക സമത്വവാദത്തിന്റെ വക്താക്കളാണ് പ്രവാചക ചിന്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവരെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

1450 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇന്ന് സമൂഹം ചര്‍ച്ച ചെയ്യുന്ന സോഷ്യലിസവും തുല്ല്യനീതിയും പ്രവാചകനും പ്രവാചകന്റെ പ്രത്യയശാസ്ത്രം മുറുകെ പിടിച്ചവരും ചെയ്തുകാണിച്ചതാണ്. ഐക്യരാഷ്ട്ര പൊതു സഭ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് 1948 ലാണ്. അതിന്റെ എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയിട്ടുണ്ട് പ്രവാചകന്‍ മുഹമ്മദ് നബി!!

(ലേഖകന്‍ ഭാരതീദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്ഡി ഗവേഷണ വിദ്യാര്‍ത്ഥിയാണ്).

Next Story

RELATED STORIES

Share it