Sub Lead

പാകിസ്താനില്‍ ബസ്സില്‍ സ്‌ഫോടനം; ചൈനീസ് പൗരന്‍മാരുള്‍പ്പെടെ 12 മരണം

ബസ്സിനുനേരെ ഉണ്ടായത് ബോംബാക്രമണമാണെന്ന് ചൈന പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരേ കഠിനശിക്ഷ നല്‍കണമെന്നും ചൈന ആവശ്യപ്പെട്ടു. എന്നാല്‍, ഗ്യാസ് ചോര്‍ന്നതിനെത്തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് പാകിസ്താന്‍ വ്യക്തമാക്കി.

പാകിസ്താനില്‍ ബസ്സില്‍ സ്‌ഫോടനം; ചൈനീസ് പൗരന്‍മാരുള്‍പ്പെടെ 12 മരണം
X

പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷാവാറില്‍ ബസ്സില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒമ്പത് ചൈനീസ് പൗരന്‍മാരുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ ഉണ്ടായ ദുരന്തത്തില്‍ ഒമ്പത് ചൈനീസ് തൊഴിലാളികളും മൂന്ന് പാകിസ്താനികളും മരിച്ചെന്ന് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. 28 ഓളം പേര്‍ക്ക് പരിക്കേറ്റതായി സ്‌ഫോടനം നടന്ന കൊഹിസ്താന്‍ ജില്ലയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആരിഫ് ഖാന്‍ യൂസഫ്‌സായി പറഞ്ഞു. ഇവരെ സൈന്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ബസ്സിനുനേരെ ഉണ്ടായത് ബോംബാക്രമണമാണെന്ന് ചൈന പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരേ കഠിനശിക്ഷ നല്‍കണമെന്നും ചൈന ആവശ്യപ്പെട്ടു. എന്നാല്‍, ഗ്യാസ് ചോര്‍ന്നതിനെത്തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് പാകിസ്താന്‍ വ്യക്തമാക്കി. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പാക് അധികൃതര്‍ അറിയിച്ചു. യന്ത്രത്തകരാറിനെത്തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞതായും വാതകം ചോര്‍ന്നത് സ്‌ഫോടനത്തിന് കാരണമായതായും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ബോംബ് സ്‌ഫോടനമുണ്ടായെന്ന് പറഞ്ഞ ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍, സംഭവത്തില്‍ ഞെട്ടല്‍ അറിയിക്കുകയും അപലപിക്കുകയും ചെയ്തു. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസു ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന എന്‍ജിനീയര്‍മാരും മെക്കാനിക്കല്‍ ജീവനക്കാരും സര്‍വേയര്‍മാരുമാണ് ബസ്സിലുണ്ടായിരുന്നത്. അണക്കെട്ട് നിര്‍മാണസ്ഥലത്തേയ്ക്കുള്ള യാത്രയിലായിരുന്നു ഇവര്‍.

40 പേര്‍ ബസ്സിലുണ്ടായിരുന്നതാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടണമെന്നും സ്ഥാപനത്തിന് സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ബെയ്ജിങ്ങിന്റെ ഏറ്റവും അടുത്ത പ്രാദേശിക സഖ്യകക്ഷിയാണ് ഇസ്‌ലാമാബാദ്. പക്ഷേ ചൈനീസ് തൊഴിലാളികളുടെ സുരക്ഷ പാകിസ്താനില്‍ വളരെക്കാലമായി ആശങ്കാജനകമാണെന്നാണ് ചൈന പറയുന്നത്. ഇസ്‌ലാമാബാദിലെ ചൈനീസ് എംബസിയും തങ്ങളുടെ പൗരന്‍മാര്‍ ആക്രമണത്തിനിരയായതായി നേരത്തെ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it