Sub Lead

ഡല്‍ഹി കലാപക്കേസ്: ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി

ഡല്‍ഹി കലാപക്കേസ്: ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി
X

ന്യൂഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. ഇളവ് അനുവദിക്കാന്‍ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യാപേക്ഷ തള്ളിയത്. പ്രതിചേര്‍ക്കപ്പെട്ട ഷര്‍ജീല്‍ ഇമാം ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ പാലിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയില്ലെന്നും അഭിഭാഷകന്‍ അഹമ്മദ് ഇബ്രാഹിം കോടതിയെ അറിയിച്ചു.

എന്നാല്‍, ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ്, ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കുറ്റത്തിന്റെ ഗൗരവം കോടതി പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ കോടതി ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. 2019 ഡിസംബറില്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ പൗരത്വ (ഭേദഗതി) നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരായ സമരത്തിനിടെ സര്‍ക്കാരിനെതിരേ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഇമാമിനെതിരേ കേസെടുത്തത്.

പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഇമാം 2020 ജനുവരി മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേന്ദ്രസര്‍ക്കാരിനോട് വിദ്വേഷവും അവഹേളനവും അതൃപ്തിയും ഉളവാക്കുന്ന പ്രസംഗങ്ങള്‍ നടത്തിയെന്നും 2019 ഡിസംബറിലെ അക്രമത്തിലേക്ക് നയിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചുവെന്നും ആരോപിച്ചാണ് ഡല്‍ഹി പോലിസ് ഷര്‍ജീല്‍ ഇമാമിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം, അറസ്റ്റിലായി മാസങ്ങള്‍ക്കുശേഷം നടന്ന കലാപത്തില്‍ ഷര്‍ജീല്‍ ഇമാമിനെ പ്രതിചേര്‍ത്തതിനെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദ്യംചെയ്തിരുന്നു. നമ്മുടെ നീതിന്യായസംവിധാനത്തിന് താങ്ങാനാവാത്തതാണ് ഇത്തരം സംഭവമെന്നാണ് അഭിഭാഷകനായ തന്‍വീര്‍ അഹ്മദ് മിര്‍ വാദിച്ചത്. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഷര്‍ജീലിനെതിരേ കേസെടുത്തത്.

Next Story

RELATED STORIES

Share it