Sub Lead

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി; ചിലവഴിക്കേണ്ടത് 20000 കോടി, വിനിയോഗിച്ചത് 8000 കോടി

2018 ഡിസംബർ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലെ പദ്ധതിയുടെ ആദ്യ ഗഡു നൽകുന്നതിനായി 20,000 കോടി രൂപ മുൻകൂർ നീക്കിവച്ചിട്ടുണ്ട്. ആ വിഹിതത്തിൽ 8,000 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി; ചിലവഴിക്കേണ്ടത് 20000 കോടി, വിനിയോഗിച്ചത് 8000 കോടി
X

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രവർത്തനം പാളുന്നു. ചിലവഴിക്കാൻ അനുവദിച്ച തുക പോലും കർഷകർക്ക് ലഭിച്ചില്ലെന്ന് റിപോർട്ട്. ഈ വർഷത്തേക്ക് ചിലവഴിക്കാൻ നീക്കിവച്ച 75,000 കോടി രൂപയുടെ വലിയൊരു പങ്ക് വിനിയോഗിക്കാൻ കഴിയില്ലെന്ന് കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് ​​അഗർവാൾ പറഞ്ഞു. 33 ശതമാനത്തിലധികം തുക വിനിയോഗിക്കാനാകാതെ വരുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ കർഷക കുടുംബങ്ങളുടെ എണ്ണം കേന്ദ്രസർക്കാർ കണക്കാക്കിയത് 14.5 കോടിയാണ്. ചില സംസ്ഥാന സർക്കാരുകൾ അതത് സംസ്ഥാനങ്ങളിലെ കർഷകരുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നത് വൈകിപ്പിച്ചതായും റിപോർട്ടുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആരംഭിച്ചപ്പോൾ രാജ്യത്തെ കർഷകരുടെ ഒരു ഡാറ്റാബേസ് സർക്കാരിനുണ്ടായിരുന്നില്ലെന്നും പദ്ധതി സിഇഒ പറയുന്നു.

കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും തിരഞ്ഞെടുപ്പിന് തയ്യാറാകുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് 2019 ഫെബ്രുവരിയിൽ ഈ പദ്ധതി ആരംഭിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തെ എല്ലാ കർഷകരിലേക്കും വ്യാപിപ്പിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സിഇഒ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരെ ചെലവഴിച്ചത് 26,000 കോടി രൂപയാണ്. ഈ വർഷത്തെ വിഹിതത്തിന്റെ 34% മാത്രമാണ് ഇതുവരെ വിനിയോഗിച്ചത്. 2015-16 ലെ കാർഷിക സെൻസസ് അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കർഷക കുടുംബങ്ങളുടെ കണക്ക് കേന്ദ്ര സർക്കാർ തയാറാക്കിയത്. ഇതിൽ വീഴ്ചയുണ്ടെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ നൽകുന്ന സൂചന. കിസാൻ സമ്മാൻ നിധി സിഇഒ ഇത് സമ്മതിക്കുന്നതായ റിപോർട്ടുകളും പുറത്തുവരുന്നുണ്ട്.

2019-20 സാമ്പത്തിക വർഷത്തിൽ ഖജനാവിൽ നിന്ന് 75,000 കോടി രൂപ ചെലവാക്കാനായിരുന്നു പദ്ധതി. 2018 ഡിസംബർ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലെ പദ്ധതിയുടെ ആദ്യ ഗഡു നൽകുന്നതിനായി 20,000 കോടി രൂപ മുൻകൂർ നീക്കിവച്ചിട്ടുണ്ട്. ആ വിഹിതത്തിൽ 8,000 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കർഷകരുടെ രോഷം ശമിപ്പിക്കുന്നതിനായി ഈ പദ്ധതി വേഗത്തിൽ നടപ്പാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. .

Next Story

RELATED STORIES

Share it