Sub Lead

മുസഫര്‍ നഗര്‍ കലാപം: ഏഴ് പേര്‍ക്ക് ജീവപര്യന്തം

ഗൗരവ്, സച്ചിന്‍ എന്നിവരെ കൊലപ്പെടുത്തിയതിനും കലാപം നടത്തിയതിനും മുസമ്മില്‍, മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജഹാന്‍ഗീര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

മുസഫര്‍ നഗര്‍ കലാപം: ഏഴ് പേര്‍ക്ക് ജീവപര്യന്തം
X

മുസഫര്‍ നഗര്‍: പടിഞ്ഞാറന്‍ യുപിയിലെ മുസഫര്‍ നഗറില്‍ 2013ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഏഴു പേര്‍ക്ക് പ്രാദേശിക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കവാല്‍ ജില്ലയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ഈ സംഭവമാണ് 62 പേര്‍ കൊല്ലപ്പെടാനും 50,000 പേര്‍ അഭയാര്‍ഥികളാക്കപ്പെടാനും ഇടയായ ഭീകരമായ കലാപത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് ഭാഷ്യം. ഗൗരവ്, സച്ചിന്‍ എന്നിവരെ കൊലപ്പെടുത്തിയതിനും കലാപം നടത്തിയതിനും മുസമ്മില്‍, മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജഹാന്‍ഗീര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. അതേ സമയം, സച്ചിനും ഗൗരവും ചേര്‍ന്ന് ലവ് ജിഹാദ് ആരോപിച്ചു സര്‍ഫറാസ് എന്ന നിരപരാധിയായ മുസ്ലിം യുവാവിനെ അവന്റെ വീട്ടിലിട്ട് വെടിവച്ച് കൊല്ലുകയായിരുന്നു. രക്ഷപ്പെടും വഴി രണ്ടുപേരെയും നാട്ടുകാര്‍ പിടികൂടുകയായിരുന്നു. അവിടെ നടന്ന ഏറ്റുമുട്ടലിലാണ് സച്ചിനും ഗൗരവും കൊല്ലപ്പെടുന്നത്. അതും കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞാണ് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള മുസ്ലിംകള്‍ ന്യൂനപക്ഷമായ ഗ്രാമങ്ങളില്‍ സംഘപരിവാര നേതാക്കളുടെ നേതൃത്വത്തില്‍ കലാപം അഴിച്ചുവിട്ടത്.

2013ലെ കലാപവുമായി ബന്ധപ്പെട്ട് 6,000ലേറെ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. മുസ്ലിംകള്‍ക്ക് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ട കലാപത്തില്‍ ഭൂരിഭാഗവും സംഘപരിവാര പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. സംഭവവുമായി ബന്ധപ്പെട്ട് 1,500ലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. കേസന്വേഷിച്ച എസ്‌ഐടി 175 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം, 2017ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ കലാപം ആളിക്കത്തിച്ച സംഘപരിവാര പ്രവര്‍ത്തകരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. കലാപവുമായി ബന്ധപ്പെട്ട 38 കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ജില്ലാ ഭരണാധികാരിളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it