Sub Lead

അബ്ദുര്‍റഹീമിന്റെ മോചനം യാഥാര്‍ഥ്യത്തിലേക്ക്; ദിയാധനം റിയാദ് കോടതിയിലെത്തി

അബ്ദുര്‍റഹീമിന്റെ മോചനം യാഥാര്‍ഥ്യത്തിലേക്ക്; ദിയാധനം റിയാദ് കോടതിയിലെത്തി
X

റിയാദ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുര്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യത്തിലേക്ക്. മോചനത്തിന് വേണ്ടി സുമനസ്സുകള്‍ സ്വരൂപിച്ച് നല്‍കിയ 15 മില്യണ്‍ റിയാല്‍(34 കോടി രൂപ) ദിയാധനം റിയാദ് കോടതിയിലെത്തി. റിയാദ് ഗവര്‍ണറേറ്റില്‍നിന്നുള്ള ചെക്കാണ് കോടതിയില്‍ എത്തിയത്. ബലിപെരുന്നാള്‍ അവധിക്കു ശേഷം കോടതി പ്രവര്‍ത്തനം തുടങ്ങിയാല്‍ ഇരുകക്ഷികള്‍ക്കും ഹാജരാവാനുള്ള നോട്ടീസ് അയക്കും. മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളും അബ്ദുര്‍റഹീമിനെ പ്രതിനിധീകരിക്കുന്നവരും കോടതിയിലെത്തി ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഒപ്പുവച്ചാല്‍ റഹീമിന്റെ മോചനം സാധ്യമാവും. ജൂണ്‍ അവസാനത്തോടെ തന്നെ റഹീമിന് നാട്ടിലേക്ക് തിരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിയാധനം റിയാദ് ഗവര്‍ണറേറ്റിന് ഇന്ത്യന്‍ എംബസി ഇക്കഴിഞ്ഞ മൂന്നിനാണ് കൈമാറിയത്. നാട്ടില്‍ നിന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴിയാണ് തുക അക്കൗണ്ടിലേക്ക് നല്‍കിയത്. ആരുടെ പേരിലാണ് ചെക്ക് കൈമാറേണ്ടതെന്ന വിഷയത്തിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലേക്ക് ചെക്ക് തയ്യാറാക്കുകയായിരുന്നു. 2006 നവംബര്‍ 28നാണ് സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകന്‍ അനസ് അല്‍ശഹ്‌റി വാഹനത്തില്‍ മരണപ്പെട്ടത്. തുടര്‍ന്ന് 2011 ഫെബ്രുവരി രണ്ടിനാണ് റിയാദ് ജനറല്‍ കോടതി അബ്ദുര്‍റഹീമിന് വധശിക്ഷ വിധിച്ചത്. 2022 നവംബര്‍ 15ന് സുപ്രിം കോടതിയും വധശിക്ഷ ശരിവച്ച് ഉത്തരവിട്ടു. തുടര്‍ന്നാണ് ദിയാധനം നല്‍കിയാല്‍ മോചിപ്പിക്കാമെന്ന നിര്‍ദേശമുയര്‍ന്നത്. കേരളത്തിലും വിദേശത്തുമുള്ള മലയാളികള്‍ ഒന്നടങ്കം ഫണ്ട് സ്വരൂപിച്ചാണ് 34 കോടി രൂപ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it