Sub Lead

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസ്: കോടതി വെറുതെവിട്ട അഭിഭാഷകന് അഞ്ചുവര്‍ഷത്തിനു ശേഷം പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചു

വിദേശത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും അവിടെ വച്ച് തീവ്രവാദികളുമായി സംവദിക്കുമെന്നുമായിരുന്നു പോലിസ് ഭാഷ്യം

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസ്: കോടതി വെറുതെവിട്ട അഭിഭാഷകന് അഞ്ചുവര്‍ഷത്തിനു ശേഷം പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചു
X

മുംബൈ: ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ വാഹിദ് ഷെയ്ഖിനെ സംബന്ധിച്ചിടത്തോളം 2020 സപ്തംബര്‍ 22 മറക്കാനാവാത്ത ദിവസമാണ്. 15 വര്‍ഷത്തോളമായി പോലിസുമായി നിയമപോരാട്ടത്തിലേര്‍പ്പെട്ട അദ്ദേഹത്തിന് ഒടുവില്‍ ചൊവ്വാഴ്ചയാണ് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചത്. 2006ല്‍ മുംബൈ പോലിസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) ആണ് വാഹിദ് ഷെയ്ഖിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. മുംബൈയില്‍ 2006 ല്‍ നടന്ന സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്ത വാഹിദ് ഷെയ്ഖിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കിയിരുന്നില്ല. 2015ല്‍ മോചിതനായ ശേഷം സൗദി അറേബ്യയിലേക്ക് ഹജ്ജ് കര്‍മത്തിനു വേണ്ടി പോവാന്‍ ആഗ്രഹിച്ചെങ്കിലും പോലിസ് എതിര്‍പ്പ് പ്രകടിപ്പിക്കുകയും പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാവില്ലെന്ന് പറയുകയുമായിരുന്നു. വിദേശത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും അവിടെ വച്ച് തീവ്രവാദികളുമായി സംവദിക്കുമെന്നുമായിരുന്നു പോലിസ് ഭാഷ്യം.

'ഞാന്‍ പലതവണ പോലിസ് സ്‌റ്റേഷനില്‍ പോയെങ്കിലും അവര്‍ തരാന്‍ വിസമ്മതിച്ചെന്നു വാഹിദ് ഷെയ്ഖ് ക്ലാരിയോണ്‍ ഇന്ത്യയോട് പറഞ്ഞു. 'ഒടുവില്‍, എന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് ഞാന്‍ മനസ്സിലാക്കി.' മുമ്പത്തെ പാസ്‌പോര്‍ട്ട് പോലിസില്‍നിന്ന് എങ്ങനെ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം വീണ്ടും അപേക്ഷിക്കുകയും പാസ്‌പോര്‍ട്ട് ഓഫിസിനെ അറിയിക്കുകയും ചെയ്തു. ഭാഗ്യവശാല്‍ ഒരു പുതിയ പാസ്‌പോര്‍ട്ട് ചൊവ്വാഴ്ച കൈമാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഹിദ് ഷെയ്ഖ് ഇതുവരെ വിദേശയാത്ര നടത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഉംറയ്ക്കു വേണ്ടി സൗദി അറേബ്യയിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നുണ്ട്. ഭാര്യ, നാല് മക്കള്‍, മാതാവ് എന്നിവര്‍ക്കായി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അദ്ദേഹം പദ്ധതിയിടുന്നു. അവരെല്ലാം സൗദി അറേബ്യയിലേക്ക് പോവും. പിന്നീട്, യുകെ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് പ്രഭാഷണ ടൂറുകളില്‍ പോവാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.


ഇത്തരം വ്യാജ ആരോപണങ്ങളിലും കള്ളക്കേസുകളിലും പെടുത്തി അറസ്റ്റിലായവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും കുറ്റവിമുക്തരാക്കിയ ശേഷം തിരിച്ചയക്കാതിരിക്കുകയും ചെയ്ത നിരവധി പേര്‍ മുംബൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള മുംബ്രയില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളിയായ മുസമ്മില്‍ ബാഗ്ദാദി(47) അത്തരമൊരു വ്യക്തിയാണ്. '2000 ല്‍ എന്നെ അറസ്റ്റുചെയ്തു, സ്റ്റുഡന്റ്‌സ് ഇസ് ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി) പ്രവര്‍ത്തകനാണെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്കുശേഷം എന്നെ കുറ്റവിമുക്തനാക്കി. പക്ഷേ പാസ്‌പോര്‍ട്ട് നല്‍കുന്നതിന് പോലിസ് ഇപ്പോഴും അനുമതി നല്‍കുന്നില്ല. കോടതിയില്‍ പോവാനാണ് അവര്‍ എന്നോട് പറയുന്നത്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും മുസമ്മില്‍ ബഗ്ദാദി പറഞ്ഞു.

ഇല്യാസ് മുഅ്മിന്‍




പൂനെ നിവാസിയായ ഇല്യാസ് മുഅ്മിന്‍ ഒരു ഐടി പ്രഫഷനലാണ്. ക്ലൗഡ് കംപ്യൂട്ടിങ്, നെറ്റ്‌വര്‍ക്കിങ് തുടങ്ങിയവയില്‍ വിദഗ്ധനായ ഇദ്ദേഹത്തിനെതിരേ നിരവധി വ്യാജ കേസുകള്‍ പോലിസ് ചുമത്തി. 2001-02ല്‍ എന്നെ ഒരു വര്‍ഷത്തിലേറെ തടങ്കലില്‍ പാര്‍പ്പിച്ചു. എനിക്ക് സിമിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. പക്ഷേ ഇപ്പോഴും പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചിരുന്നു. പിന്നീട് എല്ലാ കുറ്റങ്ങളില്‍ നിന്നും എന്നെ കുറ്റവിമുക്തനാക്കി വിട്ടയച്ചെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, യുഎഇ, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പതിവായി സഞ്ചരിക്കുന്നയാളാണ് മുഅ്മിന്‍. എന്നാല്‍ ഒരു വര്‍ഷം മുമ്പ്, അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടു. പുതിയ ഒന്നിനുള്ള അപേക്ഷ പോലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരസിക്കപ്പെട്ടു. ഡല്‍ഹിയിലുള്ള പാസ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥരോട് അദ്ദേഹം ഇക്കാര്യം പറഞ്ഞ് അപേക്ഷിച്ചെങ്കിലും ഗുണമുണ്ടായിരുന്നില്ല. ഒടുവില്‍ മുഅ്മിന്‍ ഈ വര്‍ഷം ആദ്യം ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും ഇതുലരെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. പാസ്‌പോര്‍ട്ട് പുതുക്കി വിദേശ യാത്രകള്‍ പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുഅ്മിന്‍.




Next Story

RELATED STORIES

Share it