Sub Lead

ആഫ്രിക്കന്‍ പന്നിപ്പനി: മാനന്തവാടിയില്‍ 700 ഓളം പന്നികളെ കൊന്നു

ആഫ്രിക്കന്‍ പന്നിപ്പനി: മാനന്തവാടിയില്‍ 700 ഓളം പന്നികളെ കൊന്നു
X

കല്‍പറ്റ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച മാനന്തവാടി തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിലെ ഫാമിലെ 700 ഓളം പന്നികളെ കൊന്നു. ഇന്നലെ രാത്രിയും ഉച്ചക്കു മുന്‍പുമായി 300 പന്നികളെയും വൈകീട്ടോടെ 360 പന്നികളെയുമാണ് ദയാവധത്തിന് ഇരയാക്കിയത്. ഫാമും പരിസരവും പൂര്‍ണമായി അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിനോട് സബ് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം ആര്‍ആര്‍ടി അംഗങ്ങള്‍ 24 മണിക്കൂര്‍ ക്വാറന്റൈനില്‍ പ്രവേശിക്കും. ഞായറാഴ്ച ഉച്ചക്ക് 1 മണിയോട് കൂടിയാണ് ദൗത്യസംഘം രോഗബാധിതമായ ഫാമിലെത്തിയത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് പന്നികളെ കൊല്ലാനുള്ള നടപടികള്‍ ആരംഭിച്ചത്. രാത്രി പത്തുമണിക്ക് ആരംഭിച്ചു പുലര്‍ച്ചെ അഞ്ചുമണിയ്ക്ക് അവസാനിച്ച ആദ്യഘട്ടത്തില്‍ 190 പന്നികളെ ദയാവധത്തിന് വിധേയമാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിച്ച രണ്ടാംഘട്ട നടപടികള്‍ ആരംഭിച്ചത്.

മാനന്തവാടി ഗ്രാമപ്പഞ്ചായത്തിലെ രോഗബാധ സ്ഥിരീകരിച്ച കണിയാരത്തെ ഫാമിന് ചുറ്റുവട്ടമുള്ള ഒരു കിലോമീറ്റര്‍ പരിധിയിലെ മൂന്ന് പന്നി ഫാമുകളിലെ ദയാവധ നടപടികള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആരംഭിക്കും. അവസാനഘട്ട ജിയോ മാപ്പിങ്ങില്‍ ഈ പരിധിയിലെ 80 പന്നികളെ മാത്രമേ ദയാവധത്തിന് വിധേയമാക്കേണ്ടി വരികയുള്ളൂ എന്ന് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.കെ ജയരാജ് അറിയിച്ചു. കാട്ടിക്കുളം വെറ്റിനറി സര്‍ജന്‍ ഡോ. ജയേഷ് വി യുടെയും മാനന്തവാടി വെറ്റിനറി പോളി ക്ലിനിക് വെറ്റിനറി സര്‍ജന്‍ ഡോ. ജവഹര്‍.കെ യുടെയും നേതൃത്വത്തില്‍ തന്നെയായിരിക്കും മാനന്തവാടി മുനിസിപ്പാലിറ്റിയലെയും ആര്‍ ആര്‍ ടി പ്രവര്‍ത്തനങ്ങള്‍നടക്കുക. കൂടാതെ 8 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ആര്‍ ആര്‍ ടി വിപുലീകരിച്ചുകൊണ്ട് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.രാജേഷ്. വി. ആര്‍.ഉത്തരവ് ഇറക്കിയിട്ടുണ്ട്.നിരീക്ഷണ പ്രദേശങ്ങളിലുള്ള പന്നി ഫാമുകള്‍ അണുവിമുക്തമാക്കാനുള്ള ആന്റി സെപ്റ്റിക് ലായനികള്‍ മാനന്തവാടി വെറ്റിനറി പോളി ക്ലിനിക്കില്‍ എത്തിച്ചിട്ടുണ്ടെന്നും ആയത് കര്‍ഷകര്‍ കൈപ്പറ്റണമെന്നും സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എസ്. ദയാല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it