Sub Lead

എയ്ഡഡ് സ്‌കൂള്‍- കോളജ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം: എസ്ഡിപിഐ

സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും മറ്റ് ആനുകുല്യങ്ങളും നല്‍കുന്ന എല്ലാ നിയമനങ്ങളും സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കണം. ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപക തസ്തികകളില്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ നിയമനം നടത്തുമ്പോള്‍ അവര്‍ക്ക് ശമ്പളം പൊതുഖജനാവില്‍ നിന്നു നല്‍കുന്നത് അനീതിയാണ്.

എയ്ഡഡ് സ്‌കൂള്‍- കോളജ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം: എസ്ഡിപിഐ
X

കണ്ണൂര്‍: എയ്ഡഡ് സ്‌കൂള്‍- കോളജ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും മറ്റ് ആനുകുല്യങ്ങളും നല്‍കുന്ന എല്ലാ നിയമനങ്ങളും സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കണം. ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപക തസ്തികകളില്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ നിയമനം നടത്തുമ്പോള്‍ അവര്‍ക്ക് ശമ്പളം പൊതുഖജനാവില്‍ നിന്നു നല്‍കുന്നത് അനീതിയാണ്. സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനങ്ങളില്‍ തുല്യനീതി വേണമെന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണിതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അധ്യാപക നിയമനങ്ങള്‍ വഴി കോടികള്‍ സമ്പാദിക്കാന്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് അവസരമൊരുക്കുന്നതുവഴി പരസ്യമായ കൊള്ളയ്ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.

കൂടാതെ കോഴ വാങ്ങി മാനേജ്‌മെന്റുകള്‍ നടത്തുന്ന നിയമനങ്ങളില്‍ അധ്യാപകരുടെ ഗുണനിലവാരത്തിലല്ല മല്‍സരം നടക്കുന്നത്. മറിച്ച് ആരാണ് കൂടുതല്‍ കോഴ നല്‍കുന്നത് എന്നതിലാണ്. ഒഴിവുള്ള മുഴുവന്‍ അധ്യാപക തസ്തികകളിലും നിയമനം നടത്താന്‍ ഇടതുസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരിക്കുകയാണ്. ഇതുവഴി നിയമനം നേടുന്നത് നാലായിരത്തിലധികം തസ്തികകള്‍ സ്വകാര്യമേഖലയിലാണ്. ഇതിലൂടെ മാനേജ്‌മെന്റുകളുടെ പോക്കറ്റിലെത്തുന്നത് കോടികളും. കൊവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ തലയെണ്ണല്‍ പോലും നടന്നിട്ടില്ലെന്നിരിക്കെ എന്താണ് ഇത്ര ധൃതി എന്നത് സംശയകരമാണ്. 2019-20 വര്‍ഷത്തെ ബജറ്റില്‍ സ്വകാര്യ മാനേജ്‌മെന്റ് നിയമിച്ച സ്‌കൂള്‍- കോളജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം നല്‍കാനായി മാറ്റിവച്ച തുക 12,365 കോടി രൂപയാണ്.

പ്രൈമറി അധ്യാപകര്‍ക്ക് 4,071 കോടി, സെക്കന്‍ഡറി 2,572 കോടി രൂപ, പ്ലസ്ടു തലത്തില്‍ 1,575 കോടി രൂപ, കോളജ് 1,177 കോടി, പെന്‍ഷന്‍ 2,970 കോടി രൂപ ആകെ 12,365 കോടി രൂപ. ഇക്കണോമിക് റിവ്യൂ പ്രകാരം കേരളത്തില്‍ 78 ലക്ഷം കുടുംബങ്ങളാണുള്ളത്. ഇതില്‍ 11 ശതമാനം ദരിദ്രരാണ്. ഏകദേശം 8.6 ലക്ഷം ദരിദ്രകുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഒരു കുടുംബത്തിന് മാസം 12,000 രൂപ എന്ന രീതിയില്‍ മിനിമം വരുമാനം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് പരമാവധി വേണ്ടത് 12,400 കോടി രൂപ. കേരളത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിനു വേണ്ടിവരുന്ന അത്രയും തുകയാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ വന്‍തുക കോഴ വാങ്ങി നിയമിച്ച അധ്യാപകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ മുടക്കുന്നത്.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ എല്ലാ നിയമനങ്ങളും പിഎസ്‌സിക്ക് വിടണമെന്നും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ടെങ്കില്‍ നിയമനവും സര്‍ക്കാര്‍തന്നെ നടത്തണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ഇടത് എംഎല്‍എ ടി വി രാജേഷ് അധ്യക്ഷനായ നിയമസഭാ സമിതി രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, അതേ സര്‍ക്കാര്‍തന്നെ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ വന്ന ഹരജിയില്‍ ഇതിനെതിരായി 2019 ആഗസ്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് സര്‍ക്കാരിന്റെ കാപട്യവും നയമില്ലായ്മയുമാണ് വ്യക്തമാക്കുന്നത്.

കേരളത്തിലെ സ്വകാര്യ സ്‌കൂള്‍- കോളജ് അധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുമെന്ന തീരുമാനമെടുത്തത് ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയാണ്. അന്നത്തെ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. തുടര്‍ന്ന് വന്ന പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയാണ് ഈ തീരുമാനം അട്ടിമറിച്ച് നിയമനം മാനേജ്‌മെന്റുകള്‍ക്കുതന്നെ കൈമാറിയത്.

കോടികള്‍ കോഴ വാങ്ങി എല്ലാ സംവരണ മാനദണ്ഡങ്ങളും ലംഘിച്ച് നിയമനങ്ങള്‍ നടത്താന്‍ മാനേജ്‌മെന്റിന് നല്‍കിയിരിക്കുന്ന അനുവാദം ഉടന്‍ പിന്‍വലിക്കണമെന്നും എല്ലാ നിയമനങ്ങളും പിഎസ്‌സിക്കു വിടണമെന്നും ഈ ആവശ്യമുന്നയിച്ച് ശക്തമായ പ്രചാരണങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും എസ്ഡിപിഐ തീരുമാനിച്ചിരിക്കുകയാണെന്നും മജീദ് ഫൈസി മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it