Sub Lead

സിവിലിയന്‍മാരെ ആക്രമിച്ചാല്‍ ഓരോ ഇസ്രായേലി ബന്ദികളെയും വധിക്കും; മുന്നറിയിപ്പുമായി ഹമാസ്

സിവിലിയന്‍മാരെ ആക്രമിച്ചാല്‍ ഓരോ ഇസ്രായേലി ബന്ദികളെയും വധിക്കും; മുന്നറിയിപ്പുമായി ഹമാസ്
X

ഗസ സിറ്റി: ഗസയില്‍ ഉപരോധം കടുപ്പിക്കുകയും അഭയാര്‍ഥി ക്യാംപില്‍ ഉള്‍പ്പെടെ വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തതിനു പിന്നാലെ ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ്. ഗസയില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് തുടര്‍ന്നാല്‍ തടവുകാരാക്കപ്പെട്ട ഓരോ ഇസ്രായേല്‍ തടവുകാരെയും വധിക്കുമെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പില്ലാതെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്ന ഏതൊരു നടപടിയും ഞങ്ങളുടെ കസ്റ്റഡിയിലുള്ള ഒരോ ഇസ്രായേലി തടവുകാരനെയും വധിക്കുന്നതിലൂടെ ഖേദത്തോടെ നേരിടേണ്ടിവരും. ഈ വധശിക്ഷ സംപ്രേക്ഷണം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഒബൈദ പറഞ്ഞു. ഈ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. എന്നാല്‍ സയണിസ്റ്റ് ശത്രു(ഇസ്രായേല്‍) രാജ്യവും അവരുടെ നേതൃത്വവുമാണ് ഇതിന് ഉത്തരവാദികളെന്നും അബൂ ഒബൈദ പറഞ്ഞു.

ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇന്ധനവും വിച്ഛേദിച്ച് ഗസയെ സമ്പൂര്‍ണ ഉപരോധത്തിലാക്കിയിരിക്കുകയാണ് ഇസ്രായേല്‍. അതേസമയം, ഒരു ജനതയെ പട്ടിണിയിലാക്കാനുള്ള ഉദ്ദേശ്യത്തോടെ ഇസ്രായേല്‍ സൈന്യം നടത്തുന്ന ഉപരോധം യുഎന്‍ ചട്ടങ്ങള്‍ പ്രകാരം യുദ്ധക്കുറ്റമാണെന്ന് ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ അല്‍അഖ്‌സ മസ്ജിദ് വളപ്പിലേക്ക് ഇരച്ചുകയറുകയും സമീപ മാസങ്ങളില്‍ നിരവധി ഫലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ ഹമാസിന്റെ മിന്നലാക്രമണമുണ്ടായത്. അതേസമയം, ഇസ്രയേലി തടവുകാരെ വധിക്കുമെന്ന ഹമാസിന്റെ മുന്നറിയിപ്പ് ഗസയിലെ സ്ഥിതിഗതികള്‍ നിരാശാജനകമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണെന്ന് അല്‍ ജസീറയുടെ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ മര്‍വാന്‍ ബിഷാര പറഞ്ഞു. ഹമാസിന്റെ ഭീഷണി നിരാശാജനകമായ സാഹചര്യത്തെയാണ് കാണിക്കുന്നത്. ഗസയിലെ സിവിലിയന്‍ ജനതയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ ഹമാസ് കൂടുതല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാണെന്നും ബിഷാര പറഞ്ഞു.


Next Story

RELATED STORIES

Share it