Sub Lead

ആംബുലന്‍സില്‍ പീഡനം: പ്രതിയെ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു

ആംബുലന്‍സില്‍ പീഡനം: പ്രതിയെ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു
X

കായംകുളം: കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു. സംഭവത്തില്‍ കുറ്റവാളിക്കെതിരേ ശക്തമായ നടപടികള്‍ ഉറപ്പാക്കുമെന്നും പ്രതിയായ ആംബുലന്‍സ് ഡ്രൈവറുടെ ക്രിമിനല്‍ പശ്ചാത്തലവും ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്നും ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ കര്‍ശന നടപടികളെടുക്കുമെന്നും ജില്ലാ പോലിസ് മേധാവി കെ ജി. സൈമണ്‍ പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പന്തളം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.

സയന്റിഫിക്, വിരലടയാള വിദഗ്ധര്‍ അടങ്ങിയ സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ചും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിഐജി പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും കുറ്റമറ്റ നിലയ്ക്ക് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

യുവതിയെയും കൊവിഡ് രോഗിയായ മറ്റൊരു സ്ത്രീയെയും ആരോഗ്യപ്രവര്‍ത്തകരില്ലാതെ ഡ്രൈവര്‍ മാത്രമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ സാഹചര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. പ്രതിയുമായി സംഭവ സ്ഥലത്തെത്തി പോലിസ് തെളിവെടുത്തു. ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും. രോഗികള്‍ ഒറ്റയ്ക്ക് ഇത്തരം സാഹചര്യങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്നത് സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ട ആവശ്യകതയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. ബന്ധപ്പെട്ടവരും സമൂഹവും ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമനടപടികള്‍ ജില്ലാ പോലിസ് കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ടു വീഴ്ച വരാത്ത വിധം നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.




Next Story

RELATED STORIES

Share it