Sub Lead

ലഖ്‌നോ ലുലുമാളില്‍ മതപ്രാര്‍ത്ഥനകള്‍ വിലക്കി ബോര്‍ഡ്; സുന്ദരകാണ്ഡം ചൊല്ലാനെത്തിയ മൂന്നുപേര്‍ കസ്റ്റഡിയില്‍

ലഖ്‌നോ ലുലുമാളില്‍ മതപ്രാര്‍ത്ഥനകള്‍ വിലക്കി ബോര്‍ഡ്; സുന്ദരകാണ്ഡം ചൊല്ലാനെത്തിയ മൂന്നുപേര്‍ കസ്റ്റഡിയില്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ചു. മാളില്‍ ചിലര്‍ നമസ്‌കരിച്ചതിനെതിരേ തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പലയിടങ്ങളിലായി മതപരമായ പ്രാര്‍ത്ഥനകള്‍ വിലക്കി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. അതിനിടെ, മാള്‍ പരിസരത്ത് രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ശ്രമിച്ച മൂന്നുപേരെ ഉത്തര്‍പ്രദേശ് പോലിസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇവര്‍ ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണെന്നും മാളിന്റെ പ്രവേശന കവാടത്തില്‍ തടഞ്ഞുവച്ചതായും പോലിസ് അറിയിച്ചു.

'സുന്ദരകാണ്ഡം വായിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ ലഖ്‌നോവിലെ ലുലു മാള്‍ പ്രവേശന കവാടത്തില്‍ തടഞ്ഞുവച്ചു. ഹിന്ദു സമാജ് പാര്‍ട്ടിക്കാരെയാണ് മാളിന്റെ ഗേറ്റില്‍ തടഞ്ഞുവച്ചത്. നിലവില്‍ സമാധാനപരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്'- ലഖ്‌നോ സൗത്ത് എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു. സുന്ദരകാണ്ഡം ചൊല്ലാന്‍ മാളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സന്ന്യാസിയെയും യുപി പോലിസ് തടഞ്ഞു.

സന്ന്യാസിയെ തടയുമ്പോള്‍ ചിലര്‍ ഹിന്ദുത്വ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. സുന്ദരകാണ്ഡം ചൊല്ലാനാണോ വന്നതെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു സന്ന്യാസിയുടെ മറുപടി. ലുലു മാളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ന്യാസിയുടെ നടപടി. ആരെങ്കിലും ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ശിക്ഷ ലഭിക്കണം, നിയമവ്യവസ്ഥ തകരാന്‍ പാടില്ല. ഞാന്‍ നിയമവ്യവസ്ഥയേയും പോലിസിനേയും ബഹുമാനിക്കുന്നുണ്ട്- സന്ന്യാസി മാധ്യമങ്ങളോട് പറഞ്ഞു.

ജൂലൈ 10ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാള്‍ ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ, ഇവിടെ സന്ദര്‍ശനത്തിലെത്തിയ ചിലര്‍ നമസ്‌കരിക്കുന്നതിന്റെ വിഡിയോ ഹിന്ദു മഹാസഭ, ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു. മാള്‍ കേന്ദ്രീകരിച്ച് ലൗ ജിഹാദിന് ശ്രമം നടക്കുന്നതായും ഇവര്‍ പ്രചരിപ്പിച്ചു. മാള്‍ ജീവനക്കാരില്‍ 70 ശതമാനവും മുസ്‌ലികളാണെന്നും 'ലൗ ജിഹാദ്' നടത്തുന്നുവെന്നുമാണ് ഇവര്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടത്. സംഭവം വിവാദമായതോടെയാണ് മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച മാനേജ്‌മെന്റ് മാളിനുള്ളില്‍ പലയിടത്തും നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

Next Story

RELATED STORIES

Share it