Sub Lead

ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ ആക്രമണം: സത്യം വിളിച്ചുപറഞ്ഞ 68 ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കെതിരേ യുഎപിഎ പ്രകാരം കേസ്

ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേയും മുസ്‌ലിം പള്ളികള്‍ക്ക് നേരെയും നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും പങ്കുവച്ച ട്വിറ്റര്‍ പ്രൊഫൈലുകള്‍ക്കെതിരേയാണ് നടപടിയെടുത്തിരിക്കുന്നത്. ഈ 68 പ്രൊഫൈലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി ത്രിപുര പോലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ ആക്രമണം: സത്യം വിളിച്ചുപറഞ്ഞ 68 ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കെതിരേ യുഎപിഎ പ്രകാരം കേസ്
X

അഗര്‍ത്തല: ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വ ഗ്രൂപ്പുകള്‍ വ്യാപകമായി അഴിച്ചുവിട്ട ആക്രമണങ്ങള്‍ക്കെതിരേ പ്രതികരിച്ച 60 ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കെതിരേ യുഎപിഎ പ്രകാരം ത്രിപുര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേയും മുസ്‌ലിം പള്ളികള്‍ക്ക് നേരെയും നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും പങ്കുവച്ച ട്വിറ്റര്‍ പ്രൊഫൈലുകള്‍ക്കെതിരേയാണ് നടപടിയെടുത്തിരിക്കുന്നത്. ഈ 68 പ്രൊഫൈലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി ത്രിപുര പോലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

ട്വിറ്ററിന് അയച്ച കത്തില്‍ 68 പ്രൊഫൈലുകളുടെയും ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ ത്രിപുര ജില്ലാ പോലിസ് നവംബര്‍ 3 ന് അമേരിക്കയിലെ കാലഫോര്‍ണിയില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന്റെ ഔദ്യോഗിക വിലാസത്തിലാണ് കത്ത് അയച്ചത്. സംസ്ഥാനത്ത് മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് വികലമായതും ആക്ഷേപകരമായതുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റുചെയ്യാനാണ് അക്കൗണ്ടുകള്‍ ഉപയോഗിച്ചത്.

സംസ്ഥാനത്തെ മുസ്‌ലിം സമുദായങ്ങളുടെ പള്ളികള്‍ക്ക് നേരേ അടുത്തിടെയുണ്ടായ സംഘര്‍ഷവും ആക്രമണവും സംബന്ധിച്ച് ചില വ്യക്തികള്‍, സംഘടനകള്‍ വികലവും ആക്ഷേപകരവുമായ വാര്‍ത്തകളും പ്രസ്താവനകളും ട്വിറ്ററില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ട്വിറ്റര്‍ പ്രൊഫൈലുകളിലെ വാര്‍ത്തകളിലും പോസ്റ്റുകളിലും മറ്റ് ചില സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് നല്‍കിയിരിക്കുന്നത്. മതഗ്രൂപ്പുകളും സമുദായങ്ങളും തമ്മില്‍ ശത്രുത വളര്‍ത്തുന്നതിനായി ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച പ്രസ്താവനകളും വ്യാഖ്യാനങ്ങളുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

ത്രിപുരയിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ഇത്തരം പോസ്റ്റുകള്‍ വഴിവയ്ക്കുന്നതാണ്. അതൊരു വര്‍ഗീയ കലാപത്തിലേക്ക് നയിച്ചേക്കാം- കത്തില്‍ പറയുന്നു. ഉപയോക്താക്കള്‍ അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്ത ഐപി വിലാസങ്ങളുടെ പട്ടികയുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് ചേര്‍ത്ത മൊബൈല്‍ നമ്പറുകളുടെയും വിശദാംശങ്ങളും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടുദിവസം മുമ്പ് ത്രിപുരയിലെ 'മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍' പുറത്തുകൊണ്ടുവന്ന വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങളായ പിയുസിഎല്ലിന്റെ അഭിഭാഷകന്‍ മുകേഷിനും എന്‍സിഎച്ച്ആര്‍ഒയിലെ അഭിഭാഷകനായ അന്‍സാര്‍ ഇന്‍ഡോറിക്കുമെതിരേ ത്രിപുര പോലിസ് യുഎപിഎ പ്രകാരം കേസെടുത്തിരുന്നു.

നവംബര്‍ 10നകം വെസ്റ്റ് അഗര്‍ത്തല പോലിസ് സ്‌റ്റേഷനില്‍ ഹാജരാവാനാണ് രണ്ട് അഭിഭാഷകരോടും ആവശ്യപ്പെട്ടിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കെട്ടിച്ചമച്ചതും തെറ്റായതുമായ പ്രസ്താവനകള്‍ ഉടന്‍ പിന്‍വലിക്കാന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടാണ് യുഎപിഎ പ്രകാരം നോട്ടീസ് അയച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനത്തുടനീളം നിരവധി മുസ്‌ലിം വിരുദ്ധ കുറ്റകൃത്യങ്ങള്‍ മാധ്യമങ്ങള്‍ തെളിവുകള്‍ സഹിതം റിപോര്‍ട്ട് ചെയ്തിട്ടും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമില്ലെന്നും ഹിന്ദുത്വ ഗ്രൂപ്പുകള്‍ പള്ളികള്‍ കത്തിച്ചിട്ടില്ലെന്നുമാണ് ത്രിപുരയിലെ ബിജെപി സര്‍ക്കാരും സംസ്ഥാന പോലിസും അവകാശപ്പെടുന്നത്.

മുസ്‌ലിംകള്‍ക്കെതിരേ രണ്ട് ഡസനിലധികം വര്‍ഗീയ ആക്രമണങ്ങളാണ് ത്രിപുരയില്‍ അരങ്ങേറിയത്. മുസ്‌ലിംകളുടെ വീടുകള്‍, കടകള്‍, കച്ചവടക്കാര്‍ എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. മുസ്‌ലിം സ്ത്രീകളെ അപമാനിക്കുകയും മുസ്‌ലിം വിരുദ്ധ, വംശഹത്യാ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലികള്‍ നടത്തുകയും ചെയ്തുവെങ്കിലും ബിജെപി സര്‍ക്കാരും പോലിസും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്.

Next Story

RELATED STORIES

Share it