Big stories

ജി 20 ഉച്ചകോടിയിലും 'ഇന്ത്യ' പുറത്ത്; പകരം 'ഭാരത്'

ജി 20 ഉച്ചകോടിയിലും ഇന്ത്യ പുറത്ത്; പകരം ഭാരത്
X

ന്യൂഡല്‍ഹി: രാജ്യത്തിന്റ പേരുമാറ്റുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെ ജി20 ഉച്ചകോടിയിലും 'ഇന്ത്യ'യ്ക്കു പകരം 'ഭാരത്' എന്നു പ്രയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രഗതി മൈതാനത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തില്‍ ജി20 ലോഗോയുള്ള ബോര്‍ഡില്‍ 'ഭാരത്' എന്നു മാത്രമാണുള്ളത്. ഇതോടൊപ്പം തന്നെ ത്രിവര്‍ണ പതാകയും സ്ഥാപിച്ചിരുന്നു. നേരത്തേ, ജി20 ഉച്ചകോടിക്കെത്തുന്ന ലോകനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് പ്രയോഗിച്ചതോടെയാണ് രാജ്യത്തിന്റെ പേരുമാറ്റുന്നുവെന്ന ചര്‍ച്ചകള്‍ ശക്തമായത്. എന്നാല്‍, ഇതെല്ലാം അഭ്യൂഹമാണെന്നും പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടം വാദം. ഇതിനിടെയാണ്, സുപ്രധാനമായ ലോകരാഷ്ട്രനേതാക്കളുടെ ഉച്ചകോടിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി ഭാരത് എന്നാക്കിയത്.

നേരത്തേ, മോദിയുടെ ഇന്തോനേസ്യ യാത്ര സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്' എന്നാക്കിയിരുന്നു. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണെന്നും സ്വാതന്ത്ര്യത്തിനു മുമ്പുള്ള കൊളോണിയല്‍ കാലത്തിന്റെ അവശേഷിപ്പാണെന്നുമാണ് ബിജെപിയുടെയും സംഘപരിവാരത്തിന്റെയും വാദം.

രാജ്യത്തിന്റെ പേര് മാാറ്റുന്നതു സംബന്ധിച്ച ബില്‍ പ്രത്യേക പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഗുജറാത്തില്‍നിന്നുള്ള ബിജെപി അംഗം മിതേഷ് പട്ടേല്‍ കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭയില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് നിര്‍ത്തി ഭാരത് എന്ന് പ്രയോഗിച്ചു തുടങ്ങണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം അസമില്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പേരുമാറ്റ ചര്‍ച്ചകള്‍ ശക്തമായത്.


Next Story

RELATED STORIES

Share it