Big stories

ഇന്തോനേസ്യയില്‍ വന്‍ ഭൂചലനം; 46 മരണം, 700 ലേറെ പേര്‍ക്ക് പരിക്ക്

ഇന്തോനേസ്യയില്‍ വന്‍ ഭൂചലനം; 46 മരണം, 700 ലേറെ പേര്‍ക്ക് പരിക്ക്
X

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 44 പേര്‍ മരിച്ചു. 700 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. സിയാന്‍ജൂര്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് ഇന്തോനേസ്യന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു.

യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് പശ്ചിമ ജാവയിലെ സിയാന്‍ജൂര്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്, ജക്കാര്‍ത്തയുടെ തലസ്ഥാനം വരെ ഭൂചലനം അനുഭവപ്പെട്ടതായും പരിഭ്രാന്തരായ നിവാസികള്‍ തെരുവിലേക്ക് ഓടിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. 46 പേര്‍ കൊല്ലപ്പെട്ടു. പല പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ മരണങ്ങള്‍ വന്നുകൊണ്ടിരുന്നു. 700 ഓളം പേര്‍ക്ക് പരിക്കേറ്റു'- വെസ്റ്റ് ജാവയിലെ സിയാന്‍ജൂര്‍ പട്ടണത്തിലെ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഹെര്‍മന്‍ സുഹര്‍മാന്‍ ബ്രോഡ്കാസ്റ്റര്‍ കോംപാസ് ടിവിയോട് പറഞ്ഞു. ഭൂചലനത്തില്‍ ആയിരക്കണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിയതില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭൂചലനത്തില്‍ കടകള്‍, ആശുപത്രി, ഇസ്‌ലാമിക് ബോര്‍ഡിങ് സ്‌കൂള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സിയാന്‍ജൂരിലെ നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നതായും തെരുവുകളില്‍ അവശിഷ്ടങ്ങള്‍ നിറഞ്ഞിരിക്കുന്നതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സിയാന്‍ജൂര്‍ മേഖലയില്‍ 14 പേരെങ്കിലും മരിച്ചിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ലഭ്യമായിക്കൊണ്ടിരിക്കുകയാണെന്ന് രാജ്യത്തിന്റെ ദുരന്തമേധാവി സുഹര്യാന്റോ പറഞ്ഞു. ജക്കാര്‍ത്തയില്‍ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

Next Story

RELATED STORIES

Share it