Sub Lead

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു; ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതിചേര്‍ത്തു

ഇരുവരും നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു; ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതിചേര്‍ത്തു
X

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതിചേര്‍ത്തു. അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. ഇരുവരും നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

അമ്മയും അമ്മാവനും ചേര്‍ന്നാണ് തെളിവ് നശിപ്പിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഷാരോണിന് വിഷം കലര്‍ത്തിയ കഷായം നല്‍കി എന്ന കാര്യം ഗ്രീഷ്മ അമ്മയോടും അമ്മാവനോടു പറഞ്ഞതായാണ് വിവരം. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗ്രീഷ്മ ഇക്കാര്യം അമ്മയോടും അമ്മാവനോടും പറയുന്നത്. തുടര്‍ന്ന് കഷായ പാത്രമടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചു. വീടിനടുത്തുള്ള കാട്ടില്‍ ഇവ ഉപേക്ഷിച്ചുവെന്നാണ് അമ്മയുടേയും അമ്മാവന്റേയും മൊഴി.

കൊലപാതകത്തിന് പിന്നില്‍ മറ്റാരും ഇല്ലെന്നും താന്‍ ഒറ്റക്കായിരുന്നു ഇത് ചെയ്തത് എന്നുമായിരുന്നു ഗ്രീഷ്മ ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗ്രീഷ്മ ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും പിന്നില്‍ ആരെങ്കിലും ഉണ്ടാകുമെന്നും ഷാരോണിന്റെ കുടുംബം നിരന്തരം ആരോപിച്ചിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലിനു ശേഷമാണ് അമ്മയേയും അമ്മാവനേയും ഇപ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തുടര്‍ന്നുള്ള ചോദ്യംചെയ്യലുകള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

അതേസമയം, ഷാരോണിന്റെ മരണം കൊലപാതകമാണെന്നും ഗ്രീഷ്മയാണ് കൊലപ്പെടുത്തിയതെന്നും ഷാരോണിന്റെ ബന്ധുക്കള്‍ തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും പാറശ്ശാല പോലിസ് അന്വേഷണത്തില്‍ കാണിച്ചത് വലിയ വീഴ്ചയാണെന്ന ആരോപണം ശക്തമാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവത്തെ നിസാരവത്കരിച്ച് പെണ്‍കുട്ടിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.

ആശുപത്രിയില്‍വച്ച് പോലിസ് മൊഴി രേഖപ്പെടുത്തിയശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പോലിസ് കഷായത്തിന്റെ കുപ്പിയുള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിച്ചില്ല. തീര്‍ത്തും നിസാരവത്കരിച്ചാണ് അന്വേഷണം നടത്തിയതെന്നാണ് ഷാരോണിന്റെ സഹോദരന്‍ ഷിമോന്‍ പറഞ്ഞത്. പാറശ്ശാല പോലീസിന്റെ സമീപനത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തിലാണ് പാറശ്ശാല പോലിസിന്റെ വീഴ്ച വ്യക്തമാകുന്നത്.

Next Story

RELATED STORIES

Share it