Sub Lead

കൊവാക്‌സിന് അംഗീകാരം നല്‍കി ആസ്‌ത്രേലിയ

കൊവാക്‌സിന് അംഗീകാരം നല്‍കി ആസ്‌ത്രേലിയ
X

കാന്‍ബറ: ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. യാത്രക്കാര്‍ക്കുള്ള വാക്‌സിന്‍ എന്ന നിലയിലാണ് ആസ്‌ത്രേലിയയുടെ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടിജിഎ) കൊവാക്‌സിന് അംഗീകാരം നല്‍കിയത്. ആസ്‌ത്രേലിയയുടെ ഇന്ത്യയിലെ ആസ്‌ത്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അംഗീകൃത വാക്‌സിനുകളുടെ പട്ടികയിലാണ് കൊവാക്‌സിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇന്ത്യയില്‍ നിര്‍മിച്ച സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന് ആസ്‌ത്രേലിയ ഇതേ രീതിയില്‍ അംഗീകാരം നല്‍കിയിരുന്നു.

ആസ്‌ത്രേലിയയിലേക്ക് യാത്രചെയ്യുന്നതിന് രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ഇതോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ആസ്‌ത്രേലിയയില്‍ ക്വാറന്റൈനുണ്ടാവില്ല. പുതിയ തീരുമാനം ആസ്‌ത്രേലയില്‍ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കും ജോലിക്കായി പോവുന്ന തൊഴിലാളികള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് ടിജിഎ പറഞ്ഞു. കൊവാക്‌സിന്‍ കൂടാതെ ചൈനയിലെ സിനോഫാം നിര്‍മിച്ച വാക്‌സിനും (ബിബിഐബിപി കോര്‍വ്) ആസ്‌ത്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്. കൊവാക്‌സിന്‍ സ്വീകരിച്ച 12 വയസ്സും അതില്‍ കൂടുതലുമുള്ള യാത്രക്കാര്‍ക്കും ബിബിഐബിപി കോര്‍വ് സ്വീകരിച്ച 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമാണ് ആസ്‌ത്രേലിയയിലേക്ക് പ്രവേശനാനുമതി.

കൊവിഡ് വാക്‌സിനുകള്‍ അംഗീകരിക്കുന്ന ആസ്‌ത്രേലിയന്‍ സംവിധാനമാണ് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍. കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ ആസ്‌ത്രേലിയയിലെത്തി കൊവിഡ് പരത്തുന്നതിന് കാരണമാവുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കൊവിഡ് ബാധയേല്‍ക്കുമെന്നോ കരുതുന്നില്ലെന്ന് ടിജിഎ അഭിപ്രായപ്പെട്ടു. വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈനും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. അതേസമയം, കൊവാക്‌സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഇത് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്.

ഒമാന്‍ ഭരണകൂടവും കൊവാക്‌സിന് അനുമതി നല്‍കിയിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്നതിനായി ഭാരത് ബയോടെക്കില്‍നിന്ന് ലോകാരോഗ്യസംഘടന കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. നവംബര്‍ 3ന് നടക്കുന്ന യോഗത്തില്‍ ലോകാരോഗ്യ സംഘടന കൊവാക്‌സിന്റെ അടിയന്തര ഉപയോഗ ലിസ്റ്റിങ്ങിനെക്കുറിച്ച് ഒരു തീരുമാനത്തിലെത്താന്‍ സാധ്യതയുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ലോകാരോഗ്യസംഘടനയുടെ അനുമതിക്കായി കാത്തിരിയ്ക്കുകയാണ്.

Next Story

RELATED STORIES

Share it