Sub Lead

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ താല്‍കാലികമായി അവസാനിച്ചെങ്കിലും രണ്ട് ഘടകകക്ഷികളെയും മൂന്ന് സ്വതന്ത്രരെയും ഒപ്പം നിര്‍ത്തി ഭൂരിപക്ഷം തെളിയിക്കുകയാകും ആദ്യ പരീക്ഷണം.

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി
X

പനാജി: ഗോവയില്‍ അസംബ്ലി സ്പീക്കര്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ട നാടകീയതകള്‍ക്ക് ഒടുവിലായിരുന്നു സത്യപ്രതിജ്ഞ. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബിജെപി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പീക്കര്‍ പ്രമോദ് സാവന്തിനെ പരീക്കറുടെ പിന്‍ഗാമിയായി പാര്‍ട്ടി തിരഞ്ഞെടുത്തത്. പ്രമോദ് സാവന്തിനെ തീരുമാനിച്ചതിന് ശേഷവും ഘടക കക്ഷികളുടെ അവകാശവാദങ്ങള്‍ നടപടികള്‍ വീണ്ടും വൈകിപ്പിച്ചു.

രണ്ട് ഘടകകക്ഷികളുടെ എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും അടക്കം ഒമ്പതുപേരുടെ പിന്തുണ ഉറപ്പായതോടെ കേന്ദ്ര നിരീക്ഷകന്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി 12 മണിയോടെ രാജ്ഭവനിലെത്തി. ഗോവ പോലെ ചെറിയ സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന ഘടകകക്ഷികളുടെ ആവശ്യത്തെ ബിജെപി എതിര്‍ത്തെങ്കിലും സമ്മര്‍ദ്ദം ശക്തമായപ്പോള്‍ വഴങ്ങി. ബിജെപി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിലും ഭിന്നത ഉയര്‍ന്നു.

പ്രമോദ് സാവന്തിനൊപ്പം വിശ്വിജിത്ത് റാണെ, സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍ക്കര്‍ എന്നിവരുടെ പേരും ഉയര്‍ന്നതോടെ ചര്‍ച്ചകള്‍ നീണ്ടു. വൈകിട്ട് അമിത്ഷാ എത്തി എംഎല്‍എമാരെ കണ്ടതിന് ശേഷമാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയതും തീരുമാനം വേഗത്തിലാക്കാന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കി.

ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ താല്‍കാലികമായി അവസാനിച്ചെങ്കിലും രണ്ട് ഘടകകക്ഷികളെയും മൂന്ന് സ്വതന്ത്രരെയും ഒപ്പം നിര്‍ത്തി ഭൂരിപക്ഷം തെളിയിക്കുകയാകും ആദ്യ പരീക്ഷണം. മറുഭാഗത്ത് ഗോവ പിടിക്കാന്‍ ശക്തമായ നീക്കങ്ങളാണ് കോണ്‍ഗ്രസ് അണിയറയില്‍ നടത്തുന്നത്.

Next Story

RELATED STORIES

Share it